ചാറ്റ് ജിപിടി കേമന്‍ തന്നെ; ഗൂഗിള്‍ ചരിത്രമാകുമോ?

എന്‍ പി വൈഷ്ണവ്

മനുഷ്യന്‍ ശാസ്ത്രത്തോടൊപ്പം പുതിയ ലോകങ്ങള്‍ തേടി ഓരോ നിമിഷവും മുന്നോട്ടേക്ക് സഞ്ചരിക്കുകയാണ്. ശാസ്ത്രനേട്ടത്തിലൂടെ വിവിധ മേഖലകളില്‍ അത്ഭുതകരമായ പുരോഗതി കൈവരിക്കാന്‍ ലോകത്തിന് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശം അങ്ങനെ നിരവധി മേഖലകളില്‍ ഈ മുന്നേറ്റം സാധ്യമായി. മുന്‍ തലമുറ വളരെ കഠിനമാണെന്ന് രേഖപ്പെടുത്തിയ പല പ്രക്രിയകളും ഇന്ന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഉപയോഗിക്കാന്‍ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലൂടെ ഇന്ന് മനുഷ്യന് സാധിച്ചിട്ടുണ്ട്.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെയും ഇത്തരത്തില്‍ പുരോഗതി കൈവരിക്കാന്‍ ലോകത്തിന് കഴിഞ്ഞു. ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ നിരവധി വഴികള്‍ ഇന്ന് ഉണ്ട്. അലക്‌സയും ഗൂഗിളുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ അതിനേക്കാള്‍ കേമമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി എന്ന ബോട്ട്. ചാറ്റ് ജിപിടി കാര്യങ്ങള്‍ ഓട്ടോമാറ്റിക്കായി ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമിങ്ങെന്നു പറയാം.

ജെനറേറ്റീവ് പ്രീട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഉപയോഗിക്കുന്ന മനുഷ്യരുമായി സംവദിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം. മറ്റു സാങ്കേതികവിദ്യപോലെ കമ്പ്യൂട്ടര്‍ നല്‍കുന്ന പോലെയല്ലാതെ മനുഷ്യന്‍ വിവരങ്ങള്‍ നല്‍കുന്നത് പോലെയാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചാറ്റ് ബോട്ടിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ ഫീഡ്ബാക്ക് നല്‍കാനും അവസരമുണ്ട്. അതുപോലെ പ്രധാനപ്പെട്ട കാര്യമാണ് ഭാഷയും. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന അക്കാഡമീഷ്യന്‍സ് വരെ ഇത് ഉപയോഗിക്കും എന്നുള്ളതുകൊണ്ട് ചോദ്യം ചോദിക്കുന്ന അതേ രീതിയിലുള്ള ഭാഷാ രീതിയിലേക്ക് മാറാനും ചാറ്റ് ജിപിടിക്ക് മടിയില്ല. എന്നുവച്ചാല്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി ചോദ്യം ചോദിച്ച കുട്ടിയുടെ ഭാഷയിലേക്ക് ഈ സംവിധാനം മാറും.

റീ ഇന്‍ഫോഴ്‌സ്‌മെന്റ് ലേണിംഗ് ഫ്രം ഹ്യൂമണ്‍ ഫീഡ്ബാക്ക് എന്ന ട്രെയ്‌നിംഗ് മെത്തേഡ് ഉപയോഗിച്ചാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നത്. എഐയെ പരിശീലിപ്പിക്കാനായി റിവാര്‍ഡ് സിസ്റ്റമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെ ആവശ്യമായവയും ആവശ്യമില്ലാത്തവയും വേര്‍തിരിച്ച് പഠിക്കുകയും മനുഷ്യനെപോലെ വിവേചനബുദ്ധി എന്ന കഴിവ് സ്വായത്തമാക്കാനും കഴിയുന്നു. നിരവധി ട്രെയിനികളുടെ സഹായത്താല്‍ പരിശീലനം നടത്തിയാണ് ഇതിന്റെ രൂപീകരണം പൂര്‍ത്തിയാക്കിയത്. നിലവിലുള്ള മറ്റു സംവിധാനങ്ങളില്‍ നിന്നും ചാറ്റ് ജിപിടിയെ വ്യത്യസ്തമാകുന്നതും ഇത്തരം മാറ്റങ്ങളിലൂടെയാണ്. ഗൂഗിളും അലക്‌സയും നല്‍കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടര്‍ നല്‍കുന്ന രീതിയിലാകുമ്പോള്‍ ഭാഷാരീതിയും തമ്മില്‍ സംസാരിച്ച് മറുപടി കണ്ടെത്തുന്ന രീതിയും നഷ്ടമാകുന്നുണ്ട്. നിലവിലെ ചാറ്റ് ജിപിടിയുടെ വളര്‍ച്ച ഗൂഗിളിനും മറ്റ് സമാന്തര സംവിധാനങ്ങള്‍ക്കും വന്‍ ഭീഷണിയാണ സൃഷ്ടിച്ചിട്ടുള്ളത്. ഇതിന്റെ ആരംഭഘട്ടത്തി്ല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇതിനെതിരെ രംഗത്തെത്തിയിരുന്നുത് ഇതിന്റെ തെളിവാണ്.

കണക്ക് കൂട്ടാനും കവിതചൊല്ലാനും റെസ്യൂമിനുംവരെ ജിപിടി നിങ്ങളെ സഹായിക്കും. ചുരുക്കി പറയണമെങ്കില്‍ ചുരുക്കും, ദീര്‍ഘിപ്പിക്കണമെങ്കില്‍ അങ്ങനെയും…ചുരുക്കിപറഞ്ഞാല്‍ മിടുമിടുക്കനാണ് ചാറ്റ് ജിപിടി. എന്നാലും ഈ കേമനും പണിതരില്ലെന്ന് പറയാന്‍ കഴിയില്ല. ചില സാഹചര്യങ്ങളില്‍ ഉത്തരങ്ങള്‍ തെറ്റാനും സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ കൊലപാതകം എങ്ങനെയെന്നും ആയുധങ്ങളുടെ നിര്‍മ്മാണം എങ്ങനെയെന്നുമൊക്കെയുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ചാറ്റ് ജിപിടിക്ക്് മടിയില്ല. ഇത് അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നുള്ള വിലയിരുത്തലുകളും നിലവിലുണ്ട്. ചാറ്റ് ജിപിടി നിലവിലുള്ള സംവിധാനങ്ങളെ കടന്ന് എത്രത്തോളം മുന്നോട്ട് പോകുമെന്ന് വരുംകാലത്ത് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News