ബീഹാറില്‍ ജാതി സെന്‍സസിന് ഇന്ന് തുടക്കം

ബീഹാറില്‍ ജാതി സെന്‍സസിന് ഇന്ന് തുടക്കം. ജാതി അധിഷ്ഠിത സെന്‍സസ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യുമെന്നും നിരാലംബരായ ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

‘ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് എല്ലാവര്‍ക്കും ഗുണം ചെയ്യും. അത് സമൂഹത്തിലെ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കും. കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അന്തിമ റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്കും അയയ്ക്കും,’ ഷിയോഹര്‍ ജില്ലയില്‍ തന്റെ ‘സമാധന്‍ യാത്ര’യുടെ രണ്ടാം ദിവസമായ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കവെ നിതീഷ് കുമാര്‍ പറഞ്ഞു.

ജില്ലാ കളക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുന്നത്. സെന്‍സസ് നടപടികള്‍ക്കായി മൂന്നരലക്ഷം പേരെയാണ് പരിശീലനം നല്‍കി സര്‍ക്കാര്‍ രംഗത്തിറക്കുന്നത്. മൊബൈല്‍ ആപ്പു വഴി വാര്‍ഡ് തലത്തില്‍ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക.

രണ്ടാഴ്ചയായി നടക്കുന്ന ആദ്യഘട്ട സര്‍വേയില്‍ വീടുകളുടെ പട്ടികയും കുടുംബങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പും നടക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കും. ദേശീയ തലത്തില്‍ ജാതി സെന്‍സസ് വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ ഒരു പ്രവര്‍ത്തി രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉയര്‍ച്ചയ്ക്കും കാരണമാകുമെന്നും പറഞ്ഞു.

തൊഴിലുറപ്പ് ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവരെയാണ് സെന്‍സസ് നടപടികള്‍ക്കായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന ഓരോരുത്തരും അതാത് മേഖലകളിലെ 150 മുതല്‍ 160 വീടുകളിലെ വിവരങ്ങള്‍ ശേഖരിക്കണം.

”ജാതി സര്‍വേ സംസ്ഥാനത്തെ നിലവിലെ ജനസംഖ്യ കണക്കാക്കുക മാത്രമല്ല, എല്ലാ ജാതിയുടെയും സാമ്പത്തിക സ്ഥിതി കണ്ടെത്തുകയും ചെയ്യും. നിരാലംബരായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാന്‍ അത് ഞങ്ങളെ സഹായിക്കും. എല്ലാവരുടെയും വികസനം ഞങ്ങള്‍ ആഗ്രഹിക്കുന്നു,” നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News