യുവതിയുടെ മരണം: രാത്രി ഡ്യൂട്ടിയില്‍ പൊലീസുകാര്‍ ലൈവ് ലൊക്കേഷന്‍ പങ്കു വെക്കണമെന്ന് നിര്‍ദ്ദേശം

രാത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുദ്യോഗസ്ഥര്‍ നിര്‍ബന്ധമായും അവരുടെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യണമെന്ന് ഉത്തരവിറക്കി ദില്ലി പൊലീസ്. രാത്രി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ഡെപ്യൂട്ടി പൊലീസ് കമീഷണറെ ലൊക്കേഷന്‍ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

പുതുവര്‍ഷ ദിനത്തില്‍ കാറിടിച്ച് കിലോമീറ്ററോളം വലിച്ചിഴച്ച് ഇരുപത് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി ഒന്നിന് കാറിടിച്ച് യുവതി മരിക്കാനിടയായ സാഹചര്യത്തിലാണ് നിര്‍ദ്ദേശമെന്നും ഉത്തരവില്‍ പറയുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആന്റി ടെററിസ്റ്റ് ഓഫീസര്‍ എന്നിവരോട് അവരുടെ ലൈവ് ലൊക്കേഷനുകള്‍ പങ്കിടാന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസുകാരും അവരുടെ ലൈവ് ലൊക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണം.

ഒരു പൊലീസുകാരന് പോലും ഡിസിപിയുടെ അനുമതിയില്ലാതെ സ്റ്റേഷന് പുറത്ത് പോകാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം അഞ്ജലി സിംഗ് എന്ന യുവതി തന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിന് ശേഷം കാറിനടിയില്‍ കുടുങ്ങിയ ശേഷം കിലോമീറ്ററോളം യുവതിയെ വലിച്ചിഴക്കുകയും ചെയ്തിരുന്നു. യുവതി കാറിനടിയില്‍ കുടുങ്ങിയതായി മനസിലാക്കിയ പ്രതികള്‍ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here