ADVERTISEMENT
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന് റെക്കോർഡുകളുടെ പെരുമഴ . ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും വേഗം 1500 റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ നേടിയത്.
843 പന്തുകളിലാണ് സൂര്യകുമാര്‍ 1500 റണ്‍സ് കരസ്ഥമാക്കിയത്. 150 ലേറെ സ്‌ട്രൈക്ക് റേറ്റില്‍ 1500 റണ്‍സ് നേടുന്ന ലോകത്തെ ആദ്യ താരവും സൂര്യകുമാറാണ്. ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സൂര്യകുമാര്‍ യാദവ്.
അതേസമയം ഇന്നിംഗ്‌സുകളുടെ അടിസ്ഥാനത്തിലാണെങ്കില്‍, 1500 റണ്‍സെന്ന ചരിത്ര നേട്ടം കുറിക്കുന്ന മൂന്നാമത്തെ ബാറ്ററാണ് സൂര്യകുമാര്‍. വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം എന്നിവര്‍ 39 ഇന്നിംഗ്‌സുകളില്‍ നിന്നും 1500 റണ്‍സ് നേട്ടം സ്വന്തമാക്കിയിരുന്നു.
പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ 42 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 1500 റണ്‍സെടുത്തത്. തൊട്ടുപിന്നില്‍ സൂര്യകുമാര്‍ 43 ഇന്നിംഗ്‌സില്‍ നേട്ടം കുറിച്ചു. 43 ഇന്നിംഗ്‌സുകളില്‍ നിന്നായി, 46.41 ശരാശരിയോടെ 1578 റണ്‍സാണ് സൂര്യകുമാര്‍ ഇതുവരെ ട്വന്റി-20യില്‍ നേടിയത്.
ഇതില്‍ മൂന്ന് സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 117 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക്ക് റേറ്റ് 180.34. ട്വന്റി-20 യില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കുടമ ഇന്ത്യന്‍ ഏകദിന-ടെസ്റ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയാണ്. 2017 ല്‍ ലങ്കയ്‌ക്കെതിരെ 35 പന്തിലാണ് രോഹിത് മൂന്നക്കം കടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ് പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.