സുകുമാരൻ നായർക്കെതിരെ ചെന്നിത്തല

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ സ്ഥാനമാനങ്ങള്‍ നല്‍കി വളര്‍ത്തിയതും വലുതാക്കിയതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അതു കൊണ്ട് പാർട്ടിയോടാണ് തൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയെ വിഡിസതീശനേയും രൂക്ഷമായി വിമര്‍ശിച്ചും ശശി തരൂരിനെ പുകഴ്ത്തിയും സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയര്‍ത്തിക്കാട്ടിയതാ യുഡിഎഫിൻ്റെ തോൽവിക്ക് കാരണം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാംഗങ്ങൾ ചേർന്ന് ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നായിരുന്നു ധാരണ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയുന്നതില്‍ യാതൊരു വിധ അര്‍ത്ഥവുമില്ല. തന്നെ ആരും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയില്ല എന്നുമാണ് സുകുമാരൻ നായർക്ക് ചെന്നിത്തല മറുപടി നൽകിയിരിക്കുന്നത്.

മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ശശി തരൂർ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതിന് പിന്നാലെ തുടർച്ചയായി കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തുന്നത്. സമ്മേളന വേദിയിൽ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം ആവർത്തിച്ചിരുന്നു.

തരൂർ തറവാടി നായരാണ്, വിശ്വ പൗരനാണ്. പ്രധാനമന്ത്രിയാകാൻ യോഗ്യതയുണ്ട്. കൂടെയുള്ളവര്‍ സമ്മതിക്കില്ലെങ്കില്‍ എന്ത് ചെയ്യും, അധോഗതി എന്നല്ലാതെ എന്ത് പറയാൻ. ഡല്‍ഹി നായര്‍ എന്നു വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചത്. രാഷ്ട്രീയ അതിർവരമ്പുകൾ ഇല്ലാതാക്കാൻ അദ്ദേഹത്തിനാകുമെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ആളാണ് തരൂരെന്നും സുകുമാരൻ നായർ അഭിമുഖത്തിലും തരൂരിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ വിമർശനങ്ങൾ ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനേയും മുൻ പ്രതിപക്ഷ നേത് രമേശ് ചെന്നിത്തലയേയും ആണ് എന്നാണ് വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here