ചിലർ ബോധപൂർവം ഭക്ഷണത്തിൻ്റെ പേരിൽ വിവാദങ്ങളുണ്ടാക്കി കലോത്സവത്തിൻ്റെ ശോഭ കെടുത്തി: പ്രതിപക്ഷ നേതാവ്

സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണത്തെച്ചൊല്ലി മനപൂര്‍വമായ വിവാദങ്ങളുണ്ടാക്കി വര്‍ഗീയമായ ഒരു പരിസരം സൃഷ്ടിച്ചിരിക്കുകയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ വര്‍ഷവും ഒരു പരാതിയുമില്ലാതെയാണ് പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയത്. അങ്ങനെയുള്ള ആളെ എന്തിനാണ് അപമാനിക്കുന്നത്. വെജിറ്റേറിയന്‍ വേണോ നോണ്‍ വെജിറ്റേറിയന്‍ വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പോരെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പേരിന്റെ അറ്റത്ത് നമ്പൂതിരി എന്നൊരു പദം ഉണ്ടെന്നു കരുതി ഒരു മനുഷ്യനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്ന ആളുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളോട് അനുകൂലിക്കാനാവില്ല. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന സമീപനത്തോട് യോജിക്കാനാകില്ല. കലോത്സവത്തിന്റെ തന്നെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ച ചര്‍ച്ചയാണ് നടന്നത് എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പട്ടിണി കിടക്കുന്നവരൊന്നും കളി കാണേണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രസ്താവന അസംബന്ധമാണ്. എല്ലാവരെയും ഞെട്ടിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് ഇത് പറഞ്ഞത്. മന്ത്രിയുടെ വാക്കുകൾ മര്യാദകേടും അസംബന്ധവുമാണ്. മൂന്ന് നേരവും ഭക്ഷണം കഴിക്കാത്ത ആളുകള്‍ ഇന്നും നാട്ടിലുണ്ട് എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് ഇതൊക്കെ നടത്തുന്നത്. ചില ക്ലബ്ബുകളില്‍ സ്യൂട്ടും ബൂട്ടും കോട്ടും ഇടുന്നവര്‍ക്ക് മാത്രമെ പ്രവേശനമുള്ളൂവെന്ന് പറയുന്നത് പോലെയാണ് ക്രിക്കറ്റ് മത്സരം കാണുന്നതില്‍ നിന്നും പട്ടിണി കിടക്കുന്നവരെ മാറ്റി നിർത്തുമെന്ന മന്ത്രിയുടെ വാക്കുകൾ എന്നും വിഡി സതീശൻ പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകന്റെ നാവില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്.പാവങ്ങളെ കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂര്‍ പോലും ആ കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കരുത്. പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് പറയുന്ന സിപിഐഎമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.

പ്രതിപക്ഷത്തെ വിമർശിക്കുന്നവരോട് അസഹിഷ്ണുതയില്ല.സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പോലെ പ്രതിപക്ഷവും വിമര്‍ശിക്കപ്പെടും. ഗൗരവപരമായ കാര്യങ്ങളാണ് വിമർശനത്തിലൂടെ മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ അത് പരിശോധിക്കും. സമുദായ സംഘടന രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്നു പറയാനാകില്ല. സമുദായ സംഘടനകളോടും അതേ നിലപാടാണുള്ളത്. മുമ്പും സമുദായ സംഘടനകളെ വിമർശിച്ചിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News