മലയാളത്തിന്‍റെ വിശ്വ സംഗീതത്തിന് ഇന്ന് പിറന്നാള്‍ മധുരം

ഗന്ധര്‍വ്വ ഗായകന്‍ കെ ജെ യേശുദാസിന് ഒരു പിറന്നാള്‍ കൂടി കടന്നു പോകുമ്പോള്‍ ആ സ്വരധാരയില്‍ അലിയാത്ത ഒരു ദിവസം പോലുമില്ല നമ്മുടെയൊന്നും ജീവിതത്തില്‍…ഒരു കാലം കണ്മുന്നിലൂടെ അങ്ങനെ പാടിപ്പോകുകയാണ്.. ആ കാലത്തെ അനുഭവിക്കുന്ന ഓരോ തലമുറയ്ക്കും ആ സ്വരം ഒരു തുടര്‍ച്ചയാണ്. അവര്‍ക്കും മുന്‍പേ ആരംഭിച്ച അവര്‍ക്ക് ശേഷവും അവസാനിക്കാത്ത അനുസ്യൂതമായ ഒരു തുടര്‍ച്ച….അവര്‍ക്ക് ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവും ഉണ്ടാകുമ്പോഴും ആ സ്വരത്തിന് മാത്രം അങ്ങനെയൊന്നില്ല. കാലത്തിന്റെ ജരാനരകള്‍ പോലും കാല്‍തൊട്ടു വന്ദിക്കുന്ന ആ അനശ്വര നാദധാരയാണ് യേശുദാസ്.

അറുപതുകളുടെ ബാല്യത്തില്‍ ഇരുന്ന് യേശുദാസ് ‘സുറുമയെഴുതിയ മിഴികളേ’ എന്നു പാടിയപ്പോള്‍ അകത്തളങ്ങളില്‍ എത്രയോ മൈലാഞ്ചിയിട്ട സ്വപ്നങ്ങളുടെ തരിവളകള്‍ കിലുങ്ങിയിട്ടുണ്ടാവാം. എഴുപതുകളില്‍ അയാള്‍ ‘മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മണ്ണു പങ്കു വച്ചു’ എന്ന് എന്ന് ആലപിച്ചപ്പോള്‍ മുഖം കൊടുത്തവരും മുഖം തിരിച്ചവരും ഏറെയായിരുന്നു. എണ്‍പതുകളില്‍ അയാള്‍ ‘നീയെന്തേ വൈകി വന്നു പൂന്തിങ്കളേ… ‘ എന്നു പാടിയപ്പോള്‍ വീണ്ടും നമ്മുടെ പ്രണയ കാമനകളെ തൊട്ടുണര്‍ത്തി. ഹൃദയത്തിന്റെ പ്രമദവനങ്ങളില്‍ ആര്‍ദ്രതയുടെ ഋതുരാഗം ചൂടിയായിരുന്നു അയാള്‍ തൊണ്ണൂറുകളില്‍ നമ്മെ കടന്നു പോയത്. രണ്ടായിരമാണ്ടിന്റെ പകുതിയിലിരുന്ന് യേശുദാസ് പാടിയപ്പോള്‍ ‘അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു’ എന്ന് ആ കാലത്തിന്റെ ബാല്യങ്ങള്‍ പോലും ഏറ്റു പാടി. അതിനു ശേഷവും പാടിക്കൊണ്ടേയിരുന്നു..അതിനപ്പുറമുള്ള കാലത്തും അയാള്‍ പാടിക്കൊണ്ടേയിരിക്കും.. അന്ന് ജീവിച്ചിരിക്കുന്ന തലമുറയും ആ സ്വരത്തെ ജീവിതത്തിന്റെ ഋതു ഭേദങ്ങളോട് ചേര്‍ത്തു നിര്‍ത്തും. എന്നുമെന്നും കാലാതീതമായി ജനമനസ്സുകളില്‍ ഇടംപിടിക്കുന്ന കാവ്യസൃഷ്ടിപോലെ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here