കരള്‍ പിടയുന്നു, ഭൂമി പിളരുന്നു; ഉള്ളുലയ്ക്കുന്ന കാഴ്ചയായി ജോഷിമഠ്

കൊടും തണുപ്പ്… മഞ്ഞിന്റെ മറ കാരണം മുന്നിലുള്ളതൊന്നും വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല. ഇതിനെയെല്ലാം വകഞ്ഞുമാറ്റി പലരും ജോഷിമഠിലേക്ക് തിരിച്ചുവരുന്നത് തങ്ങളുടെ വിലപ്പെട്ട സമ്പാദ്യങ്ങളെങ്കിലും തിരിച്ചെടുക്കുവാനാണ്്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും വീടുമായി ബന്ധപ്പെട്ട രേഖകളും ഒന്നും അവിടെ ഉപേക്ഷിച്ചുപോകാന്‍ പലര്‍ക്കും കഴിയുന്നില്ല. മറ്റുചിലര്‍ക്കാകട്ടെ ഈ കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്ന എന്തെങ്കിലും തുണികളോ വസ്ത്രങ്ങളോ മാത്രം എടുത്താല്‍ മതിയാകും. ഇത്രയുംനാള്‍ താമസിച്ചിരുന്ന വീടുകള്‍ വിള്ളല്‍ വീണ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത് കണ്ട് ഉള്ളം നീറിയാണ് പലരും ജോഷിമഠില്‍ നിന്നും തിരികെ പോകുന്നത്.

ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്. ഇനി തിരികെ എത്തുമ്പോള്‍ തങ്ങളുടെ വീടുകള്‍ അവിടെയുണ്ടാകുമോ എന്നു പോലും പലര്‍ക്കും ഉറപ്പില്ല. അതിനാല്‍ തന്നെ ഹൃദയം നുറുങ്ങുന്ന വിങ്ങലോടെയാണ്് ആളുകള്‍ ജോഷിമഠില്‍ നിന്നും പലായനം ചെയ്യുന്നത്.

നിലവില്‍ സിംഗ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നീ വാര്‍ഡുകളിലേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കെട്ടിടങ്ങളും ഭൂമിയും കൂടുതല്‍ വിണ്ടുകീറിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്. ഇവിടങ്ങളിലെ കെട്ടിടങ്ങളില്‍ ചുവന്ന അടയാളം രേഖപ്പെടുത്തി. പ്രദേശം പ്രകൃതി ദുരന്തമേഖലയായി ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭ്യര്‍ഥിച്ചു. ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറിയും എന്‍ഡിഎംഎ അംഗങ്ങളും പ്രദേശം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ പ്രധാന റൂട്ടാണ് ജോഷിമഠ്. 6,000 അടി ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News