തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു മത വിഭാഗവുമായി മാത്രം ബന്ധമുള്ളതല്ല; വീഴ്ച്ച പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സിപിഐഎം

സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌ക്കാരത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും എതിരാണെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കലോത്സവത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരത്തിനെതിരായ വിമര്‍ശനം ഗൗരവമുള്ളതാണ്. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു മത വിഭാഗവുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

ഉദ്ഘാടന പരിപാടിയില്‍ ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച്ച പരിശോധിച്ച് അതിനെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കോഴിക്കോട് ആതിഥേയത്വം മികച്ച സംഘാടനത്താലും അഭൂതപൂര്‍വമായ പങ്കാളിത്തത്താലും കലോത്സവ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറി. കോഴിക്കോടിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തി പിടിച്ച് കലോത്സവ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here