5 വര്‍ഷത്തിനിടയില്‍ നിയമിതരായ ജഡ്ജിമാരില്‍ 79 ശതമാനവും മുന്നാക്ക വിഭാഗത്തില്‍ നിന്ന്; സംവരണ തത്വങ്ങള്‍ പാലിക്കപ്പെട്ടില്ല

രാജ്യത്തെ ഹൈക്കോടതികളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നിയമിതരായ ജഡ്ജിമാരില്‍ 79% പേരും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര നീതിന്യായ വകുപ്പിന്റെ റിപ്പോര്‍ട്ട്. 2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് വിവിധ ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ ബഹു ഭൂരിപക്ഷവും ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്.

ജനറല്‍- 79 %, ഒബിസി- 11%, ന്യൂനപക്ഷ വിഭാഗം- 2.6% എസ് സി- 2.8 %, എസ്ടി- 1.8% എന്നിങ്ങനെയാണ് വിവിധ സാമൂഹിക വിഭാഗങ്ങളുടെ ജഡ്ജി നിയമനത്തിലെ പ്രാതിനിധ്യം. 20 പേരുടെ സാമൂഹിക പശ്ചാത്തലം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 ല്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഒരു ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക വൈവിധ്യത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് 2022 മാര്‍ച്ചില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയിലും വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ ജഡ്ജിമാരുടെ സാമൂഹിക വൈവിധ്യം ഉറപ്പാക്കുന്നതിന് പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് കേന്ദ്രം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു അന്ന് നിയമമന്ത്രി പറഞ്ഞത്. എന്നാല്‍ ജഡ്ജി നിയമനത്തില്‍ സംവരണതത്വങ്ങള്‍ പാലിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഭരണഘടനയുടെ 217-ാം വകുപ്പ് അനുസരിച്ചാണ് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടക്കുന്നത്. എന്നാല്‍ നിയമന ശുപാര്‍ശ നല്‍കുമ്പോള്‍ സാമൂഹ്യ പ്രാതിനിധ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് കൊളീജിയം സംവിധാനം രൂപീകരിക്കുന്നതിന് കാരണമായ സെക്കന്‍ഡ് ജഡ്ജസ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

നമ്മുടെ ജനാധിപത്യ സംവിധാനം ഏതെങ്കിലും സ്വയം ശാശ്വത പ്രഭുത്വത്തിന് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ദുര്‍ബല വിഭാഗത്തെ പൂര്‍ണമായും അവഗണിക്കാനാവില്ല, എന്നാല്‍ മാത്രമേ യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യം കൈവരിച്ചതായി അവകാശപ്പെടാന്‍ കഴിയു എന്നായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഈ തത്വങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് കേന്ദ്ര നിയമകാര്യ പാര്‍ലമെന്ററി നിയമ-നീതി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നില്‍ കേന്ദ നീതിന്യായ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News