ബ്രസീല്‍ ആക്രമണത്തെ പിന്തുണയ്ക്കുന്ന കണ്ടന്റുകള്‍ ഫേസ്ബുക്കും യൂട്യൂബും നീക്കം ചെയ്യും

ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീംകോടതിയുമടക്കം ആക്രമിച്ച സംഭവത്തെ അനുകൂലിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. തിങ്കളാഴ്ചയാണ് മെറ്റ (Meta) ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ഫേസ്ബുക്കിനെ പിന്തുടര്‍ന്ന് യൂട്യൂബും ആക്രമണത്തെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യും.

ബ്രസീലില്‍ കഴിഞ്ഞ ദിവസം നടന്ന ജനാധിപത്യ വിരുദ്ധമായ പ്രകടനങ്ങളെ പിന്തുണക്കുന്നതോ പ്രശംസിക്കുന്നതോ ആയ ഉള്ളടക്കങ്ങളും പോസ്റ്റുകളും നീക്കം ചെയ്യുകയാണെന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്.

”തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഞങ്ങള്‍ ബ്രസീലിനെ ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലമായി തരംതിരിച്ചിരുന്നു. അതിന്റെ ഭാഗമായി ജനങ്ങളോട് ആയുധമെടുക്കാനും പാര്‍ലമെന്റും പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും മറ്റ് ഫെഡറല്‍ കെട്ടിടങ്ങളും ബലമായി ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തുവരികയായിരുന്നു.

അതിനെ ലംഘിക്കുന്ന ഒരു കാര്യമായി ഈ സംഭവത്തെ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളെ പിന്തുണക്കുന്നതോ പ്രശംസിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യും. ഞങ്ങളുടെ പോളിസികള്‍ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരും,” മെറ്റ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലില്‍ പ്രസിഡന്റിന്റെ വസതിക്കും സുപ്രീംകോടതിക്കും പാര്‍ലമെന്റ് മന്ദിരത്തിനും നേരെ ബോള്‍സൊനാരോ അനുകൂലികളുടെ ആക്രമണമുണ്ടായത്.

തീവ്ര വലതുപക്ഷ നേതാവായ ബോള്‍സൊനാരോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് പേര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീംകോടതിയുടെയും മേല്‍ക്കൂരയിലേക്ക് കയറി ജനലുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

സൈന്യം ഇടപെട്ട് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ (Luiz Inácio Lula da Silva) സ്ഥാനത്ത് നിന്ന് പുറത്താക്കി ബോള്‍സൊനാരോയെ തിരികെ കൊണ്ടുവരണമെന്നും അക്രമികളില്‍ ചിലര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News