വിവാദങ്ങള്‍ക്കിടയില്‍ കെപിസിസി നേതൃയോഗങ്ങള്‍ ഇന്നും നാളെയും ചേരും

സംഘടന പുനഃസംഘടനയും ഫണ്ട് തട്ടിപ്പ് വിവാദങ്ങള്‍ക്കുമിടയില്‍ കോണ്‍ഗ്രസ് കെ പി സി സി നേതൃയോഗങ്ങള്‍ ഇന്നും നാളെയുമായി ഇന്ദിരാ ഭവനില്‍ ചേരും. പുനഃസംഘടനാ വൈകുന്നതിലുള്ള അതൃപ്തിയും ട്രഷറര്‍ അഡ്വ.പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹതയും യോഗത്തില്‍ ചര്‍ച്ചയാകും.

137 ചലഞ്ചിലെ തട്ടിപ്പ് മുതല്‍ ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട്് മക്കള്‍ നല്‍കിയ പരാതിവരെയുള്ള വിവാദങ്ങള്‍ ഒരുവശത്ത് തുടരുന്നതിനിടെയാണ് ഇന്നും നാളെയും യോഗങ്ങള്‍ ചേരുന്നത്. കെപിസിസി പുനഃസംഘടനാ വൈകുന്നതിലുള്ള അതൃപ്തി നേതാക്കള്‍ പരസ്യമായി ഉന്നയിച്ചിട്ടും നടപടിയൊന്നുമായില്ല എന്നതാണ് വസ്തുത.

ഇതിനിടയില്‍ തരൂര്‍ വിവാദവും കോണ്‍ഗ്രസില്‍ പുകയുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കെ പി സി സി ഭാരവാഹിയോഗം നിര്‍ണായകമാകും. പ്രതാപചന്ദ്രന്റെ മക്കള്‍ നല്‍കിയ പരാതി നേതാക്കള്‍ ഇടപെട്ട് പിന്‍വലിപ്പിച്ചെങ്കിലും വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.

137 ചലഞ്ചില്‍ പിരിഞ്ഞുകിട്ടിയ തുകയുടെ കണക്കിലും ഇതുവരെ വ്യക്തതയില്ല. പണം പലവഴിക്കുപോയി. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം കഴിഞ്ഞ യോഗത്തില്‍ ചിലര്‍ ഉന്നയിച്ചു. ആരോപണം മുഴുവന്‍ പ്രതാപചന്ദ്രന്റെ തലയില്‍ വച്ച് നേതൃത്വം കൈകഴുകി. തുടര്‍ന്നാണ് പ്രതാപചന്ദ്രന്റെ മരണം. അതുകൊണ്ടുതന്നെ ഫണ്ടിലെ തിരിമറി പരിശോധിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

പുനഃസംഘടന നടപടികളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പുനഃസംഘടനക്ക് സംസ്ഥാന ജില്ലാതല സമിതികള്‍ തീരുമാനിക്കണം. ഒപ്പം തരൂര്‍ ഉയര്‍ത്തുന്ന വിവാദങ്ങളും വെല്ലുവിളികളിലും അസ്വസ്തമാണ് വിഡി.സതീശന്‍ അനുകൂലികള്‍. ഇക്കാര്യത്തില്‍ സുധാകരന്‍ തുടരുന്ന മൗനത്തിലും സതീശന്‍ അതൃപ്തനാണ്. ഇക്കാര്യങ്ങള്‍ ഇരുവിഭാഗവും യോഗത്തില്‍ ഉന്നയിക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here