ജോഷിമഠിന് പിന്നാലെ അലിഗഢിലും വീടുകള്‍ക്ക് വിള്ളല്‍

ഉത്തര്‍പ്രദേശിലെ അലിഗഢിലും വീടുകള്‍ക്ക് വിള്ളല്‍. കന്‍വാരിയഗന്‍ജ് പ്രദേശത്തെ വീടുകളിലാണ് വിള്ളല്‍ വീണത്്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് ഭൂരിഭാഗവും വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

അതേസമയം, ജോഷിമഠിലെ വീടുകളില്‍ കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തി. ചമോലി ജില്ലാ ഭരണകൂടത്തില്‍ ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 723 വീടുകളില്‍ വിള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 131 കുടുംബങ്ങളിലെ 462 പേരെ താത്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റി. പ്രദേശത്തെ ചെറുചലനം വരെ രേഖപ്പെടുത്തുന്ന നിരീക്ഷണ സംവിധാനം ഇന്ന് സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതേസമയം, ബദരീനാഥ് പാതയില്‍ ജോഷിമഠിന് മുന്‍പുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ കര്‍ണപ്രയാഗിലെ ബഹുഗുണനഗറിലും 50തിലേറെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തി. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും തുടരുകയാണ്.

ജോഷിമഠില്‍ ഇതുവരെ 87 വീടുകളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. എല്ലാത്തിനും എക്‌സ് എന്ന് മാര്‍ക്കും ചെയ്തിട്ടുണ്ട്. വിള്ളലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന രണ്ട് ഹോട്ടലുകളാണ് ആദ്യം പൊളിക്കുന്നത്.

ആഴത്തിലുള്ള വിള്ളലുകളാണ് മലരി ഇന്‍ എന്ന ഹോട്ടലിനുള്ളിലുള്ളത്. അടിത്തറയില്‍ നിന്ന് ഏറക്കുറെ ഹോട്ടല്‍ അകന്നു കഴിഞ്ഞു. സമീപത്തുള്ള മറ്റൊരു ഹോട്ടലായ മൗണ്ട് വ്യൂവിലേക്കും വിള്ളല്‍ വ്യാപിച്ചതിനാലാണ് പൊളിക്കാനുള്ള തീരുമാനം.

സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി ബി ആര്‍ ഐ) സംഘം ചൊവ്വാഴ്ച രണ്ട് ഹോട്ടലുകളിലുമെത്തി പരിശോധന നടത്തി പൊളിക്കാനുള്ള നീക്കം നടത്തി, എന്നാല്‍ വൈകുന്നേരത്തോടെ പൊളിക്കുന്ന ജോലികള്‍ ആരംഭിക്കാനിരിക്കെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. സി ബി ആര്‍ ഐ, സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പ്രവേശിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞു.

സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാതെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ടീമിന്റെ തലവനായ സി ബി ആര്‍ ഐ ചീഫ് സയന്റിസ്റ്റ് ഡി പി കനുങ്കോ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ടവറുകള്‍ തകര്‍ത്ത സംഘത്തില്‍ കനുങ്കോയും ഉണ്ടായിരുന്നു.

പൊളിക്കാനിരിക്കുന്ന ഹോട്ടലിന്റെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ബദരീനാഥ് ധാം പുനര്‍വികസന മാസ്റ്റര്‍പ്ലാന്‍ പ്രകാരം ലിസ്റ്റ് ചെയ്ത നിരക്കുകള്‍ പ്രകാരമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സാധരണ വിലയില്‍ നിന്ന് ഇരട്ടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here