എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്; 122.47 കോടി ലാഭവിഹിതം കേന്ദ്രസര്‍ക്കാരിന് നല്‍കി

എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് 122.47 കോടി രൂപ ലാഭവിഹിതം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്‌ന പൊതുമേഖല സ്ഥാപനമാണ് എച്ച്.എല്‍.എല്‍. ന്യൂഡല്‍ഹിയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്.എല്‍.എല്‍ സി എം ഡി ശ്രീ.കെ. ബെജി ജോര്‍ജ് IRTS കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മന്‍സൂഖ് മാണ്ഡവ്യക്ക് ഡിവിഡന്റ് ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് ഭൂഷണ്‍ ഐഎഎസ്, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എച്ച്എല്‍എല്‍ ഡയറക്ടര്‍മാരായ ശ്രീ ടി. രാജശേഖര്‍ (മാര്‍ക്കറ്റിംഗ്) ഡോ. ഗീത ശര്‍മ്മ (ഫിനാന്‍സ്) ഡോ. അനിതാ തമ്പി (ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ്) എന്നിവരും സന്നിഹിതരായിരുന്നു.

2021-22 വര്‍ഷത്തില്‍ എച്ച്എല്‍എല്‍ 35,668 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവും 551.81 കോടി രൂപ ലാഭവും നേടിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍, വാക്സിനുകള്‍ തുടങ്ങിയവ അടിയന്തിരമായി സംഭരിച്ച് വിതരണം ചെയ്യുന്നതിന്റെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം എച്ച്.എല്‍.എല്ലിനെ തെരഞ്ഞെടുത്തിരുന്നു. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിനും എച്ച്.എല്‍.എല്‍ പ്രധാന പങ്കാണ് വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എച്ച്.എല്‍.എല്‍ ജീവനക്കാരുടെ പരിശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

കൊവിഡ് പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിച്ചതിനും റെക്കോര്‍ഡ് വിറ്റുവരവ് നേടിയതിനും എച്ച്.എല്‍.എല്ലിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അഭിനന്ദിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി 1966 മാര്‍ച്ച് 1നാണ് എച്ച്.എല്‍.എല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ, ഹോസ്പിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, ഹോസ്പിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, മെഡിക്കല്‍ ഉപകരണങ്ങളുടെ സംഭരണം, ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് റീട്ടെയിലിംഗ് തുടങ്ങി ആരോഗ്യ രംഗത്തെ വിവിധ മേഖലയില്‍ എച്ച്.എല്‍.എല്‍ സജീവ സാന്നിധ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News