ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ കൂട്ടായ്മയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

കന്യാകുമാരിയില്‍ തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജനുവരി 30ന് കശ്മീരിലെ ശ്രീനഗറിലാണ് സമാപിക്കുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമാണ് ജനുവരി 30. ആ ദിനത്തില്‍ ശ്രീനഗറില്‍ എല്ലാ പ്രതിപക്ഷ പാര്‍ടികളെയും ഒരു വേദിയില്‍ കൊണ്ടുവരികയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

21 പ്രതിപക്ഷ പാര്‍ടികളുടെ അദ്ധ്യക്ഷന്മാരെ സമാപന ചടങ്ങിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചു. ഇതിനായി പാര്‍ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എല്ലാ നേതാക്കള്‍ക്കും കത്തയച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 7നായിരുന്നു യാത്ര കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയത്. വര്‍ഗീയതക്കെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുക എന്ന സന്ദേശവുമായി തുടങ്ങിയ ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പര്യടനം തുടരുകയാണ്

ഈ വര്‍ഷം ജമ്മുകശ്മീര്‍ ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്‌. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢും
രാജസ്ഥാനും തെരഞ്ഞെടുപ്പിനെ നേരിടും. കര്‍ണാടക, മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. അടുത്ത വര്‍ഷം ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനായും രാജ്യം ഒരുങ്ങുകയാണ്. തകര്‍ന്നടിഞ്ഞ പാര്‍ടിക്ക് ജീവന്‍ നല്‍കുക എന്നതിനൊപ്പം തെരഞ്ഞെടുപ്പുകള്‍ക്കായി സജ്ജമാവാന്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

എല്ലാ പ്രതിപക്ഷ പാര്‍ടികളെയും ശ്രീനഗറിലെ വേദിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് രാഷ്ട്രീയമായി വലിയൊരു സന്ദേശത്തിന് വഴിയൊരുക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതേസമയം ഇപ്പോഴും കോണ്‍ഗ്രസിനോട് അത്ര താല്പര്യവും വിശ്വാസവും ഇല്ലാത്ത നിരവധി പാര്‍ടികളുണ്ട്. പ്രത്യേകിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ്, ബിജെഡി തുടങ്ങിയ പാര്‍ടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കുന്നില്ല. എത്ര പാര്‍ടികള്‍ക്ക് കോണ്‍ഗ്രസ് നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തും എന്നത് ശ്രീനഗറില്‍ ജനുവരി 30ന് അറിയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News