ആശങ്കയില്‍ ജോഷിമഠ്; ഹോട്ടലുകള്‍ പൊളിച്ചു തുടങ്ങി

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വലിയ രീതിയില്‍ വിള്ളലുകള്‍ കണ്ടെത്തിയ മലരി ഇന്‍, മൗണ്ട് വ്യൂ എന്നീ രണ്ട് ഹോട്ടലുകളുടെ പൊളിക്കല്‍ നടപടികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരത്തുക സംബന്ധിച്ച് ധാരണയില്‍ ആയതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. വലിയ പൊലീസ് സന്നാഹത്തിലാണ് നടപടി.

അതേസമയം,ജോഷിമഠിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, ആര്‍കെ സിംഗ്, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവര്‍ പങ്കെടുത്തു. നഷ്ടപരിഹാരം നല്‍കാനും പുനരധിവാസത്തിനുമായി 45 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഒന്നരലക്ഷം രൂപ വീതം വിതരണം ചെയ്യുന്നതിനായി 11 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, ജോഷിമഠില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിലും പ്രതിഷേധം അവസാനിപ്പിക്കാതെ നാട്ടുകാരില്‍ ഒരു വിഭാഗം രംഗത്തുണ്ട് ബദരീനാഥ് മോഡല്‍ നഷ്ടപരിഹാരമാണ് ആവശ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജോഷിമഠില്‍ ഇതുവരെ വീടുകള്‍ ഉള്‍പ്പെടെ 723 കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതില്‍ 86 കെട്ടിട്ടങ്ങള്‍ സുരക്ഷിതമല്ല. 499 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എന്നാല്‍ ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ചമ്പാമേഖലയിലും ജോഷിമഠിന് സമാനമായി നിരവധി വീടുകളിലും കെട്ടിടങ്ങളിലും വിള്ളലുകള്‍ കണ്ടെത്തിയത് വലിയ ആശങ്കകള്‍ക്ക് വഴിവെക്കുന്നുണ്ട്. ജോഷിമഠില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ ആശങ്ക സൃഷ്ടിക്കുകയാണ്. മഴ ശക്തമാവുകയും മഴവെള്ളം വിള്ളല്‍വീണ സ്ഥലങ്ങളിലേക്ക് ഇറങ്ങുകയും ചെയ്താല്‍ വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നാണ് ആശങ്ക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here