ധോണിയിലെ PT 7 നെ തളക്കും; കൂട് തയ്യാറായി

പാലക്കാട് ധോണിയില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായി മാറിയ കാട്ടാനയെ തളയ്ക്കാന്‍ നടപടികള്‍ തുടങ്ങി. PT 7 എന്ന് പേരിട്ടിരിക്കുന്ന കാട്ടുകൊമ്പനാണ് ജനങ്ങളുടെ ഉറക്കംകെടുത്തുന്നത്. കൂട് വെച്ച് ആനയെ തളയ്ക്കാനാണ് ആദ്യ നീക്കം. ധോണി ഫോറസ്റ്റ് ക്യാമ്പിന് സമീപത്തായാണ് ആനയെ പിടിക്കാനുള്ള കൂടൊരുക്കിയിരിക്കുന്നത്. ആനയുടെ നീക്കങ്ങള്‍ പ്രത്യേക റാപിഡ് സംഘം നിരീക്ഷിച്ച് വരികയാണ്. 12 പേരാണ് റാപിഡ് സംഘത്തിലുള്ളത്.

ധോണിയിലെ വരകുളം ഭാഗത്ത് ഇന്നലെ നിലയുറപ്പിച്ചിരുന്ന ആന ഇന്ന് രാവിലെ ധോണി വനമേഖലയിലേക്ക് കടന്നിട്ടുണ്ട്. വനമേഖലയില്‍ നിന്ന് ജനവാസകേന്ദ്രങ്ങളിലേക്ക് ആനയിറങ്ങുന്ന ഭാഗത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഉടന്‍ ആനയെ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. കൂട് വെച്ച് ആനയെ തളയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മയക്കുവെടി വെച്ച് ആനയെ തളയ്ക്കാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനായി വനംവകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയയുടെ ഉപദേശം തേടിയിരിക്കുകയാണ് വനംവകുപ്പ്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ധോണിയിലെത്താനും സാധ്യതയുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ധോണിമേഖലയില്‍ കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണ്. നിരവധി പ്രദേശങ്ങളില്‍ ആനകള്‍ കൃഷി നശിപ്പിച്ചു. ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വനത്തിലേക്ക് തിരിച്ചുപോകാതെ ഭീഷണി ആയി തുടരുന്ന സാഹചര്യമാണ് പലപ്പോഴും. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ധോണിയിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. ഇതോടെയാണ് ശല്യക്കാരനായി തുടരുന്ന കൊമ്പനാനയെ തളയ്ക്കാന്‍ നടപടിതുടങ്ങിയത്.

അതേസമയം, ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്ന കൊമ്പനാന മാത്രമല്ല ഭീഷണിയെന്നും ധോണി ഭാഗത്തേക്ക് കാട്ടാനകളുടെ വരവ് പൂര്‍ണമായി തടയാനുള്ള നടപടികൂടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വനാതിര്‍ത്തികളില്‍ വന്യ മൃഗങ്ങളുടെ ആക്രമണം വലിയ ഭീഷണിയായി മാറുന്ന സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News