വയനാട്ടിലെ കടുവ ആക്രമണം; മരിച്ച തോമസിന്റെ കുടുംബത്തിന് ധനസഹായം നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചത് ഖേദകരമാണെന്നും വിഷയത്തെ പ്രാധാന്യത്തോടെ വനം വകുപ്പ് നോക്കി കാണുന്നുവെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കും. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്നത് പരിശോധിക്കുമെന്നും വയനാട് ജില്ലയില്‍ ജോലി നല്‍കുന്നതിന് ഒഴിവുണ്ടോയെന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വന്യജീവി ജനന നിയന്ത്രണത്തിന് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും വന്യജീവി ജനന നിയന്ത്രണത്തിന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോടതിയില്‍ അതിവേഗ പെറ്റീഷന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ കാട്ടാനയുടെയും, കടുവയുടെയും ആക്രമണം വര്‍ദ്ധിക്കുന്നുണ്ട്. വന്യജീവി ആക്രമണം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും പ്രതിഷേധങ്ങള്‍ വഴി വിട്ടുപോകരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

അതേസമയം വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ വന്‍ പ്രതിഷേധവും നടക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രദേശത്ത് 5 നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. മുത്തങ്ങയില്‍ നിന്ന് കുങ്കിയാനയെ എത്തിച്ചിട്ടുണ്ട്. റാപ്പിഡ് റെസ്പോണ്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്. കടുവ ഉള്‍വനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

കടുവയെ പിടികൂടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും എത്രയും വേഗം പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും വയനാട് ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടക്കുന്ന മാനന്തവാടി താലൂക്കില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here