കാക്ക, എലി, പഴംതീനി വവ്വാല്‍ എന്നീ ജീവികളെ കൊന്നോ നിങ്ങള്‍ ? തടവും പിഴയും ശിക്ഷ ഉറപ്പ്

കാക്ക, എലി, പഴംതീനി വവ്വാല്‍ തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി തടവും പിഴയും ശിക്ഷ . ഇവയെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെട്ട ജീവികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാന്‍ അനുമതിയുണ്ടാകൂ. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല.

1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഷെഡ്യൂളുകള്‍ ആറില്‍ നിന്ന് നാലായി ചുരുങ്ങി. ഉയര്‍ന്ന സംരക്ഷണം ആവശ്യമായ ജീവികള്‍ക്കായുള്ളതാണ് ഒന്നാം ഷെഡ്യൂള്‍. കുറഞ്ഞ സംരക്ഷണമുള്ള ജീവികള്‍ അടങ്ങിയതാണ് ഷെഡ്യൂള്‍ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഷെഡ്യൂള്‍ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകള്‍ക്ക് വിധേയമായ ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഷെഡ്യൂള്‍ നാല്. ഷെഡ്യൂള്‍ രണ്ടിലാണു കാട്ടുപന്നിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൊല്ലാന്‍ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂള്‍ അഞ്ച് അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം രാജ്യത്തു വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയതിനാലാണു കൊല്ലുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News