പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ 6 വരെ നടക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെ രണ്ട് ഘട്ടമായിട്ടായിരിക്കും സമ്മേളനം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023-2024 കാലയളവിലേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ കേന്ദ്ര ബജറ്റ് ആണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാകും പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുക.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം മുന്നോട്ട് നീങ്ങുമ്പോഴാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിന് താഴെ ആയിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ധനകമ്മി പിടിച്ചുനിര്‍ത്താന്‍ ആകുന്നില്ല എന്നതും കേന്ദ്രസര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്.

ധനകമ്മി ഈ സാമ്പത്തിക വര്‍ഷം 45ശതമാനം കൂടുമെന്നാണ് കണക്കുകള്‍. നിലവില്‍ 6.4 ശതമാനമാണ് രാജ്യത്തിന്റെ ധനകമ്മി. ജി എസ് ടി വരുമാനം 2021-22 നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുപ്പത്തിയൊന്ന് ശതമാനം കൂടിയിട്ടുണ്ട്. മറ്റ് നികുതി വരുമാനത്തിലും വര്‍ധനവുണ്ടെങ്കിലും ചിലവുകള്‍ക്കനുസരിച്ച് ആവശ്യമായ പണം കണ്ടെത്താനാകുന്നില്ല എന്നത് ധനമന്ത്രി നേരിടുന്ന പ്രതിസന്ധിയാണ്.

വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതും ഇന്ധന വില നിയന്ത്രിക്കാനാവാത്തതും സാധാരണക്കാരെ ഗുരുതരമായി ബാധിക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ റിപ്പോ നിരക്കുകള്‍ ആര്‍ ബി ഐ കൂട്ടിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇതിനൊക്കെ എന്താണ് പരിഹാരം എന്നാണ് നിര്‍മല സീതാരാമന്റെ അഞ്ചാം ബജറ്റില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂര്‍ണ ബജറ്റ് എന്നതിനാല്‍ ജനപ്രിയമായ നിരവധി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. ജമ്മു കാശ്മീര്‍ അടക്കം പത്ത് സംസ്ഥാനങ്ങളാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് അത് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here