പൊലീസിനെതിരെ വീണ്ടും ബോംബേറ്

തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബാക്രമണം. മംഗലപുരം പൊലീസിന് നേരെയാണ് ബോംബെറിഞ്ഞത്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. രാവിലെയും സമാനമായ രീതിയില്‍ പൊലീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പായ്ച്ചിറ സ്വദേശിയായ ഷെഫീഖാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയായ ഷെമീറിനെ പൊലീസ് പിടികൂടിയിരുന്നു.

അടിമുടി നാടകീയ സംഭവങ്ങളാണ് രണ്ടുദിവസങ്ങളായി കഴക്കൂട്ടം, മംഗലാപുരം എന്നിവിടങ്ങളില്‍ നടക്കുന്നത്. ഒരു ദിവസം തന്നെ രണ്ടു തവണ പൊലീസിന് നേരെ പ്രതികളുടെ ആക്രമണമുണ്ടായി. ബുധനാഴ്ചയാണ് പുത്തന്‍തോപ്പ് സ്വദേശി നിഖില്‍ നോര്‍ബെറ്റിനെ കണിയാപുരത്തു നിന്നും 12 അംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാവിലെ സംഘം നിഖിലിനെ വിട്ടുകിട്ടാന്‍ അഞ്ചു ലക്ഷം രൂപ വേണമെന്ന് പിതാവിനോട് ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടു. പിതാവ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ഗുണ്ടാ സംഘമുള്ള സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ ഗുണ്ടാസംഘം നിഖിലിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പ്രദേശത്തെ സ്ഥിരം ഗുണ്ടകളായ ഷെമീര്‍, ഷെഫീഖ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് ഇവരുടെ വീട്ടിലേക്കെത്തിയത്. പൊലീസ് വീട് വളഞ്ഞതോടെ ഇരുവരും ചേര്‍ന്ന് പൊലീസിന് നേരെ നാടന്‍ ബോംബെറിഞ്ഞു. ഇവരുടെ മാതാവ് ഷീബ പൊലീസിനെ മഴു കൊണ്ട് ആക്രമിച്ചു.

ഷെമീറിനെയും ഷീബയെയും സഹസികമായി കീഴടക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഷെഫീഖ് ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഷെഫീഖിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം. ഷെമീറും ഷെഫീഖും മുന്‍പ് മംഗലപുരത്ത് സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളാണ്. ഇരുവര്‍ക്കെതിരെ ഇരുപതോളം ക്രിമിനല്‍ കേസുകളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here