സുഹൃത്തിനെ കൊലപ്പെടുത്താൻ മദ്യത്തിൽ വിഷം കലർത്തിയ സംഭവം; പ്രതി നടത്തിയത് ആസൂത്രിത ശ്രമം

ഇടുക്കി അടിമാലിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ മദ്യത്തിൽ വിഷം കലർത്തിയ സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിത ശ്രമമെന്ന് പോലീസ്. ദൃശ്യം മാതൃകയിൽ അന്വേഷണം വഴി തെറ്റിക്കാനും തെളിവ് നശിപ്പിക്കാനും പ്രതി സുധീഷ് ശ്രമം നടത്തി. സംഭവസ്ഥലത്ത് ഇയാളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

വിഷം കലർത്തിയ മദ്യം കഴിച്ച ഒരാൾ മരിക്കുകയും രണ്ട് പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ പ്രതി സുധീഷ് നടത്തിയത് ദൃശ്യം മോഡലിൽ പോലീസിനെ വഴി തെറ്റിക്കാനുള്ള ശ്രമമെന്നാണ് കണ്ടെത്തൽ. മദ്യം വഴിയിൽ കിടന്നു കിട്ടിയതെന്ന് പ്രചരിപ്പിച്ച ഇയാൾ ഈ മൊഴിയിൽ അവസാനം വരെ ഉറച്ച് നിന്നു. കൊലപ്പെടുത്താൻ പദ്ധതിയിട്ട സുഹൃത്ത് മനുവിനെ വിശ്വസിപ്പിക്കാൻ മദ്യക്കുപ്പി വഴിയിലിട്ട് വീഡിയോ കോളിലൂടെ  കാണിച്ചു നൽകി. സിറിഞ്ച് ഉപയോഗിച്ചാണ് വിഷം കലർത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞതെങ്കിലും ഇത് വസ്തുതയല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യ കുപ്പി കത്തിച്ചു തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഇതിൻ്റെ ഭാഗമായിരുന്നു.

അതേ സമയം സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സുധീഷ് താമസിക്കുന്ന വീടിനു സമീപമുള്ള ഷെഡിൽ വെച്ചായിരുന്നു മദ്യത്തിൽ വിഷം കലർത്തിയത്. ഇവിടെ നിന്നും കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. മദ്യം കഴിക്കാൻ മറ്റുള്ളവർക്ക് നൽകിയതും ഇവിടെ വെച്ചായിരുന്നു എന്ന് സുധീഷ് പോലീസിനോട് സമ്മതിച്ചു. തെളിവെടുപ്പിനിടെ പ്രതി പലവട്ടം പോലീസുമായി കയർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here