തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ക്കുമെതിരെ മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതി

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ക്കുമെതിരെ മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതി. ചെയര്‍പേഴ്സന്റെ സാന്നിധ്യത്തില്‍ കൗണ്‍സിലര്‍ ഭീഷണി മുഴക്കിയെന്നും ജീവന്‍ അപകടത്തിലാണെന്നുമാണ് പരാതി. അതിനാല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നാണ് സെക്രട്ടറി ബി അനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ മുനിസിപ്പല്‍ സെക്രട്ടറിയെ കാബിനിലേക്ക് വിളിച്ചുവരുത്തുകയും വൈസ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാജി വാഴക്കാല ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പറയുന്നതുപോലെ കേട്ട് ഇവിടെ ഇരുന്നാല്‍ മതിയെന്നും അല്ലങ്കില്‍ മുറിയില്‍ അടച്ചിട്ട് തല്ലിയ മുന്‍ സെക്രട്ടറിയുടെ അനുഭവമുണ്ടാവുമെന്നും ഷാജി വാഴക്കാല ഭീഷണിപ്പെടുത്തിയതായി സെക്രട്ടറി ബി അനില്‍ പരാതിയില്‍ പറയുന്നു.

ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ ഫയലുകളിലെ നിയമപ്രശ്നം ചൂണ്ടികാണിച്ച് താന്‍ എഴുതിയ കുറിപ്പുകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ചില ഫയലുകളില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതു മൂലമുള്ള അമര്‍ഷമാണ് ഭീഷണിക്ക് അടിസ്ഥാനമെന്നും സെക്രട്ടറി പരാതിയില്‍ വിശദീകരിക്കുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നും അതിനാല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, റീജണല്‍ ജോയിന്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കിയിട്ടുണ്ട്. അതേ സമയം അരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ പറഞ്ഞു.യു ഡി എഫിന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ഓണക്കോടിയ്ക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയ സംഭവത്തില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ളവര്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here