റോസാ ലക്സംബര്‍ഗ്; രക്തസാക്ഷിയുടെ ചോരയോ പണ്ഡിതയുടെ പേനയോ കൂടുതല്‍ മഹത്തരമെന്ന് സംശയിപ്പിച്ച വഴക്കാളി

ഇന്ന് റോസാ ലക്സംബര്‍ഗ് രക്തസാക്ഷിദിനം… റോസയെന്ന കത്തുന്ന ഓര്‍മ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആളിപ്പടരുകയാണ്. പോരാട്ടങ്ങളുടെ വര്‍ത്തമാനകാലത്ത് അവരുടെ ഓര്‍മ പോലും ഒരു സമരമാവുകയാണ്. ലോകയുദ്ധം നടക്കുന്നുണ്ടെങ്കില്‍ അത് മുതലാളിയും തൊഴിലാളിയും തമ്മിലുള്ള യുദ്ധമാകണമെന്ന് ആഹ്വാനം ചെയ്ത കരുത്ത്. രക്തസാക്ഷിയുടെ ചോരയോ പണ്ഡിതയുടെ പേനയോ കൂടുതല്‍ മഹത്തരമെന്ന് സംശയിപ്പിച്ച വഴക്കാളി. നീ നിഷ്‌ക്രിയയെങ്കില്‍ നീ അടിമത്തത്തിന്റെ കണ്ണി കണ്ടിട്ടുകൂടിയില്ലെന്ന് വിമര്‍ശിച്ച് സ്ത്രീവിമോചനത്തെ വര്‍ഗവിമോചനത്തോട് കണ്ണിചേര്‍ത്ത പോരാളി. ഇതായിരുന്നു റോസാ ലക്സംബര്‍ഗ്.

പോളണ്ടില്‍ ജൂതയായി ജനനം. വാഴ്സയില്‍ ശരീരവേദനകള്‍ നിറഞ്ഞ കുട്ടിക്കാലം. സൂറിച്ചില്‍ പഠിച്ച് എണ്ണപ്പെട്ട താത്വിക പുസ്തകമെഴുത്ത്. പാര്‍ട്ടി ആഹ്വാനപ്രകാരം വിവാഹനാടകത്തിലൂടെ ജര്‍മനിയില്‍ കടന്ന പാര്‍ട്ടി നേതൃത്വം. അനശ്വരപോരാട്ടമെന്ന് ഉറപ്പിച്ച് പറയാവുന്ന ജീവിതം. ജര്‍മനി കലാപകലുഷിതമായ കാലത്തായിരുന്നു റോസയുടെ വരവ്. സമാധാന പ്രതിഷേധങ്ങള്‍ പോലും തച്ചുതകര്‍ക്കാന്‍ ഭരണകൂടം ശ്രമിച്ചതോടെ വിപ്ലവത്തിന് സമയമായെന്ന് റോസയും സഖാക്കളുമുറപ്പിച്ചു. കാള്‍ ലീബ്നെക്റ്റും ക്ലാരാ സെറ്റ്കിനും കാള്‍ ജെറാക്കും ലിയോ ജോഗി ഷേസും ചേര്‍ന്ന് ജര്‍മനിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തു. ബര്‍ലിന്റെ തെരുവുകള്‍ ചുവന്നു.

ഭരണകൂടത്തിന്റെ ആവനാഴികള്‍ ജനങ്ങള്‍ക്ക് നേരെ മൂര്‍ച്ച കൂട്ടിയ യൂദ്ധത്തിനൊടുവില്‍ റോസയും ലീബ്നെക്റ്റും അറസ്റ്റിലായി. ഫാസിസ്റ്റുകള്‍ പേടിച്ചിരുന്ന റോസയുടെ തലച്ചോര്‍ നീണ്ട കാലത്തെ പീഡനങ്ങള്‍ക്കൊടുവില്‍ അടിച്ചുതകര്‍ത്തു. വീണ്ടും കലിയടങ്ങാതെ തലയ്ക്ക് നേരെ തുരുതുരാ വെടിവെച്ചു. ലാന്‍വര്‍ കനാലിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞു.

ഒരുനാള്‍ നമ്മളെ തേടിവരുമെന്ന് നമ്മള്‍ ഉറപ്പിച്ചുപറഞ്ഞിരുന്ന ഫാസിസ്റ്റുകള്‍ നമ്മുടെ ഉമ്മറപ്പടികളില്‍ അവസരം കാത്ത് കൂടുകൂട്ടിയിരിക്കുകയാണ്. അവരുടെ വരവ് ദീര്‍ഘിപ്പിക്കുന്നതിന് സ്വന്തം ചോര തന്നെ പകുത്തുനല്‍കിയ ചില മനുഷ്യരുണ്ട്… റോസാ ലക്സംബര്‍ഗിന്‍റെ വാക്കുകളാണിവ. റോസയെ പോലുള്ളവരുടെ ചോരയാല്‍ ബലപ്പെടുത്തിയ ഈ മണ്ണില്‍ കാലുറപ്പിച്ച് നിര്‍ത്തി അവരുടെ ഓര്‍മ്മകള്‍ ഓരോ നിമിഷവും അലയടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News