റെക്കോർഡുകളുടെ കൂടൊരുക്കിയ കാര്യവട്ടത്തെ കളി ടീം ഇന്ത്യക്ക് മാത്രമല്ല, റണ്‍ മെഷീന്‍ വിരാട് കോലിക്കും ചെറുതല്ലാത്ത സ്വകാര്യസന്തോഷമാണ് സമ്മാനിച്ചത്. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ താരത്തിന്‍റെ കൂടുതല്‍ സെഞ്ച്വറി തുടങ്ങിയവ വരാനിരിക്കുന്നതിന്റെ സാമ്പിള്‍ മാത്രം.
റെക്കോർഡുകള്‍ ഏതും പഴങ്കഥയാകണമെന്ന് തന്നെയാണ് ഭൂരിപക്ഷം ഫാന്‍സിന്റെയും മോഹമെന്നതുറപ്പാണ്. പക്ഷേ, കോലി തകർക്കുന്ന അടുത്ത റെക്കോര്‍ഡ് ഏതാകുമെന്നതില്‍ ആശങ്കയില്‍ തുടരുന്ന തീയുണ്ട ഫാന്‍സില്‍ ചിലരുണ്ടാകും.
വിരാട് കോലി ഫാന്‍സ് ‘പവർപ്ലേ തലമുറ’ എന്ന് പരിഹസിക്കപ്പെട്ടപ്പോള്‍ വസന്തങ്ങളെന്ന മറുപേര് പോരെന്ന് അവരന്നേ ഉറപ്പിച്ചിരുന്നു. ചായക്കടകളിലും തോട്ടുവക്കുകളിലും ഉയര്‍ന്ന വാഗ്വാദങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായപ്പോള്‍ എതിരാളികളായ സച്ചിന്‍ ഫാന്‍സിന് അവരൊരു പേരുറപ്പിച്ചു- ‘തീയുണ്ടകള്‍’. ‘കോലിയുടെ കാലമായിരുന്നോ അത്, സച്ചിന് നേരിടേണ്ടിവന്നത് മക്ഗ്രാത്തിന്റെയും വഖാർ യൂനിസിന്റെയും അക്തറിന്റെയും തീയുണ്ട പോലുള്ള പന്തുകളല്ലേ’ എന്ന വീരവാദത്തില്‍ നിന്നൊരു പരിഹാസപ്പേര്.
സച്ചിന്‍ വിരമിച്ചപ്പോള്‍ കളി കാണുന്നത് നിർത്തിയ ഒരു തലമുറയുണ്ടാകും. പിന്നീട് സച്ചിന്‍ കര്‍ഷകസമരത്തെ തള്ളി തനിക്കൊണം കാണിച്ചപ്പോള്‍ ഫാന്‍ ലേബലില്‍ നിന്ന് വിടുതല്‍ നേടിയവരുണ്ടാകും. പിന്നീട് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, തുടങ്ങിയവർ ബുള്ളി ചെയ്യപ്പെട്ട സമയത്ത് ഇന്ത്യന്‍ അപരമതവൈരത്തിന്റെ ചെവിക്കുറ്റി അടിച്ചുപൊട്ടിച്ച് രംഗത്തെത്തിയ കോലിയുടെ ഫാനായി മാറിയവരുമുണ്ടാകേണ്ടതാണ്. രാഷ്ട്രീയത്തിന്റെ കളിവഴിയും കളിയുടെ രാഷ്ട്രീയവഴിയും തമ്മിലുള്ള അന്തർധാര അങ്ങനെത്തന്നെ സജീവമായി തുടരുകയാണ്.
കോലി സച്ചിന്റെ 49 ഏകദിനസെഞ്ച്വറി റെക്കോർഡ് പഴങ്കഥയാക്കുമായിരിക്കും. നീണ്ടുകിടക്കുന്ന ബാക്കിയിന്നിങ്സില്‍ കളിദൈവമെന്ന പേര് സ്വന്തം പേരിനോടുകൂടി വിളക്കിച്ചേർക്കുകയും ചെയ്യുമായിരിക്കും. അന്ന് ഇതേ വസന്തങ്ങളും മില്ലേനിയങ്ങളും തമ്മിലുള്ള ഇരുപ്പുവശം എന്തായിരിക്കുമെന്നതാകും കാത്തിരുന്ന് കാണേണ്ട കാര്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.