ബഫര്‍ സോണ്‍ വിഷയം; ഇടുക്കിയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും

ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള സര്‍വകക്ഷി യോഗം ഇന്ന് ഇടുക്കിയില്‍ ചേരും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
ഉപഗ്രഹ സര്‍വേയിലെ പിശകുകള്‍ തിരുത്താനുള്ള ഫീല്‍ഡ് സര്‍വേകളുടെ പുരോഗതി വിലയിരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. ജില്ലയിലിത് നാലാം തവണയാണ് വിഷയത്തില്‍ സര്‍വകക്ഷിയോഗം ചേരുന്നത്.

അതേസമയം, ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിസുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ബഫര്‍ സോണ്‍ ദൂപരിധിയില്‍ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൂരപരിധിയില്‍ ഇളവ് നല്‍കുന്നതും പരിഗണിക്കാമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.

23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel