ബഫര്‍ സോണ്‍; ഇടുക്കിയില്‍ ഫീല്‍ഡ് തല സര്‍വേ നടപടികള്‍ 98 ശതമാനം പൂര്‍ത്തിയാക്കി

ബഫര്‍ സോണ്‍ ഫീല്‍ഡ് തല സര്‍വേ നടപടികള്‍ ഇടുക്കിയില്‍ 98 ശതമാനം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നോഡല്‍ ഓഫീസറുടെ സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ബാക്കിയുള്ള സര്‍വേ നടപടികള്‍ മൂന്നു ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്നും കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.

മൂന്നാര്‍, ഇടുക്കി, പെരിയാര്‍ ഉള്‍പ്പെടെ മൂന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡിന്റെ കീഴിലുള്ള സര്‍വേ നടപടികളാണ് ഇടുക്കിയില്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ മൂന്നാര്‍, പെരിയാര്‍ മേഖലകളിലെ ഫീല്‍ഡ് സര്‍വേ ഉള്‍പ്പടെ പൂര്‍ത്തിയായി. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കീഴിലുള്ള അറക്കുളം പഞ്ചായത്തിലെ 338 അപേക്ഷകള്‍ മാത്രമാണ് ഇനിയും തീരുമാനമാകാനുള്ളത്. സാങ്കേതിക പ്രശ്നങ്ങളായിരുന്നു ഇതിനുള്ള തടസം. പ്രത്യേക സംഘം വരുന്ന മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടുത്തെ സര്‍വേ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വേ നടപടികള്‍ പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ടുകള്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി അവസാനവട്ട പരിശോധന നടത്തും. ആശങ്കകള്‍ക്കിടയില്ലാത്ത വിധം വിഷയം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഇത് നാലാം വട്ടമാണ് സര്‍വകക്ഷി യോഗം ചേരുന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കന്മാരും ഉള്‍പ്പെടെയുള്ളവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News