ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കൂട്ടക്കുരുതിയില്‍ വിചാരണ ആരംഭിച്ച് ഇന്തോനേഷ്യന്‍ കോടതി. കഴിഞ്ഞ വര്‍ഷം ജാവയിലെ മലാംഗില്‍ ഫുട്ബോള്‍ മൈതാനത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ 135 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ സംഘാടകരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പ്രതിപ്പട്ടികയിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈസ്റ്റ് ജാവയിലെ മലാംഗിലുള്ള കഞ്ജുരുഹാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ തമ്മില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ 45 റൌണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്. ഈ കേസിലാണ് സുരബയ കോടതി വിചാരണ ആരംഭിച്ചത്. ഫിഫ നിരോധിച്ചിട്ടുള്ള കണ്ണീര്‍വാതകപ്രയോഗവും തിരക്ക് നിയന്ത്രിക്കുന്നതിലുള്ള സംഘാടന പിഴവുമാണ് കൂട്ടക്കൊലക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
കഞ്ജുരുഹാന്‍ സ്റ്റേഡിയത്തിലെ സംഘര്‍ഷക്കൂട്ടക്കൊല പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തിനെതിരായ വിമര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. കാണികള്‍ തമ്മില്‍ ഇഷ്ടടീമിനെ ചൊല്ലി ആരംഭിച്ച സംഘര്‍ഷം കടുപ്പിച്ചത് പൊലീസിന്റെ കണ്ണീര്‍വാതകപ്രയോഗമാണെന്നാണ് ഇന്തോനേഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. അടച്ചിട്ട ഗേറ്റുകളും സ്റ്റേഡിയത്തിലെ അനിയന്ത്രിതമായ തിരക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും മരണം വര്‍ധിക്കുന്നതിന് കാരണമായി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു സെക്യൂരിറ്റി ജീവനക്കാരന്‍, മത്സരത്തിന്റെ സംഘാടകന്‍ എന്നിവരെ ഉള്‍പ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിചാരണ. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.