സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി

കേരളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഉള്‍പ്പെടുത്തി സഹകരണ വകുപ്പ്, സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി. മന്ത്രി വി എന്‍ വാസവന്‍ ലോ സെക്രട്ടറി ഹരി വി നായര്‍ക്ക് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, 1882ല്‍ വടക്കന്‍ കേരളത്തില്‍ സഹകരണ ആശയം ഉള്‍ക്കൊണ്ട് സ്ഥാപനങ്ങള്‍ ആരംഭിച്ചിരുന്നതില്‍ നിന്ന് തുടങ്ങുന്നതാണ്. എന്നാല്‍, ഇതിനായി നിയമങ്ങള്‍ ഉണ്ടാകുന്നത് കാലങ്ങള്‍ കഴിഞ്ഞാണ്.

1913ല്‍ കൊച്ചിയിലും 1914ല്‍ തിരുവിതാംകൂറിലും മലബാറില്‍ 1932ലുമാണ് സഹകരണ നിയമങ്ങള്‍ നിലവില്‍ വരുന്നത്. അതിനുശേഷം തിരുവിതാംകൂര്‍-കൊച്ചി ലയനത്തെ തുടര്‍ന്ന് 1952 ജൂണ്‍ മൂന്നിന് തിരുവിതാംകൂര്‍-കൊച്ചി സഹകരണ നിയമം പ്രാബല്യത്തില്‍ വന്നു.

1956ല്‍ ഐക്യകേരളം രൂപപ്പെട്ടതോടെ ഏകീകൃത സഹകരണ നിയമത്തിനായുള്ള നടപടികള്‍ തുടങ്ങി. നീണ്ട പതിനൊന്നു വര്‍ഷക്കാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ 1967ല്‍ നിയമസഭ ഏകീകൃത സഹകരണ നിയമം പാസാക്കുകയുണ്ടായി. 1969 മേയ് 15നാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.

ഇതുവരെ 23 ഭേഗതികള്‍ നിയമത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത് ഒരു പസ്തകമായി സഹകരണ വകുപ്പ് പുറത്തിറക്കിയിരുന്നില്ല. മറ്റ് പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പുറത്തിറക്കിയിരുന്ന സഹകരണനിയമ പുസ്തകമാണ് വിപണിയില്‍ ലഭ്യമായിരുന്നത്. കോടതികള്‍ പോലും ഇതിനെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് വകുപ്പ് സമഗ്രമായ സഹകരണ നിയമപുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചത്. നാളിതുവരെ വന്നിട്ടുള്ള എല്ലാ ഭേദഗതികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്ര സഹകരണ നിയമം ഇന്ന് പുറത്തിറങ്ങി.

മറ്റൊരു വകുപ്പും ഇത്തരത്തില്‍ ഒരു ഗ്രന്ഥം പുറത്തിറക്കിയിട്ടില്ല. സഹകരണ വകുപ്പിന്റെ തന്നെ ചരിത്രത്തിലെ ഒരു നാഴിക്കല്ലാണ് ഈ ഗ്രന്ഥം. പുസത്ക പ്രകാശന ചടങ്ങില്‍ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി , സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി.എസ് രാജേഷ്, സഹകരണവകുപ്പ് രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here