തരൂരിന്റെ നീക്കത്തിന് തടയിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കരുനീക്കം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എത്താനുള്ള തരൂരിന്റെ നീക്കത്തിന് തടയിടാന്‍ കേരളത്തിലെ നേതാക്കളുടെ കരുനീക്കം. തരൂരിനെ പരിഗണിച്ചാല്‍ മറ്റു നേതാക്കളുടെ സാധ്യത അടയുമെന്ന ആശങ്കയിലാണ് ചെന്നിത്തലയും കൊടിക്കുന്നിലും. തരൂരിനെതിരെ കേരളത്തിന്റെ ചുമതലുള്ള എഐസിസി അംഗം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയതും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് വിവരം.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തരൂര്‍ നടത്തുന്ന നീക്കങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കേരളത്തിലെ നേതാക്കള്‍ക്ക് അറിയാം. അടുത്തമാസം നടക്കുന്ന കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനമാണ് തരൂരിന്റെ ലക്ഷ്യം. മല്ലികാര്‍ജുന ഖാര്‍ഗെ ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പ്ലീനറി സമ്മേളനം. ഈ സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുക്കും. തരൂരിന്റെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ അദ്ദേഹം പ്രവര്‍ത്തകസമിതിയില്‍ എത്തും.

പക്ഷേ കേരളത്തില്‍ നിന്നുള്ള മറ്റുചിലരുടെ സാധ്യത ഇതോടെ അടയും. മുതിര്‍ന്ന നേതാക്കാളായ എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഇത്തവണ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാകുമെന്നാണ് സൂചന. ഈ പദവിയില്‍ കെ സി വേണുഗോപാല്‍ സ്വഭാവികമായും എത്തും. രണ്ടാമത്തെ ഒഴിവിലേക്ക് രമേശ് ചെന്നിത്തലയെ തഴഞ്ഞ് തരൂര്‍ എത്തുമെന്ന ആശങ്കയിലാണ് കേരളത്തിലെ നേതാക്കള്‍. കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എന്നിവരും അംഗത്വം പ്രതീക്ഷിക്കുന്നവരാണ്.

എഐസിസിസി അധ്യക്ഷന്‍ അടക്കം 25 അംഗ പ്രവര്‍ത്തക സമിതിയില്‍ 12 പേരെ നോമിനേറ്റ് ചെയ്യും. മറ്റു 12 പേര്‍ മത്സരത്തിലൂടെ സമിതിയില്‍ എത്തും. നോമിനേഷന്‍ പട്ടികയില്‍ ഇല്ലെങ്കില്‍ തരൂര്‍ ചിലപ്പോള്‍ മത്സരിച്ചേക്കാം. ഈ നീക്കം ശക്തമായതോടെയാണ് തരൂര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് കേരളത്തിലെ നേതാക്കള്‍ രംഗത്ത് എത്തിയതെന്നാണ് സൂചന. തരൂരിനെതിരെ കേരളത്തിന്റെ ചുമതലുള്ള എഐസിസി അംഗം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയതും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് വിവരം. പക്ഷേ കാത്തിരുന്ന കരുതലോടെ തീരുമാനമെടുക്കാമെന്നാണ് തരൂര്‍ ക്യാമ്പിന്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News