ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംല. 2019 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അംല അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ആഭ്യന്തര ലീഗുകളില്‍ മാത്രമാണ് അംല കളിച്ചിരുന്നത്.
തന്റെ നീണ്ട കരിയറില്‍ എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34,104 റണ്‍സ് ഹാഷിം അംല നേടി. ഇതില്‍ 18672 റണ്‍സ് പ്രോട്ടീസ് കുപ്പായത്തിലാണ്. 2004-2019 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 124 മത്സരങ്ങളില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സ് വാരി. ടെസ്റ്റില്‍ അംല 28 സെഞ്ച്വറികള്‍ നേടിയപ്പോള്‍ 2012ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ പുറത്താകാതെ നേടിയ 311 ആണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ആദ്യ ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ച്വറി കൂടിയാണിത്.
ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലീഗില്‍ എം ഐ കേപ്ടൗണിന്റെ ബാറ്റിംഗ് പരിശീലകനായി പുതിയ കരിയറിന് അംല തുടക്കമിട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കൗണ്ടി ക്രിക്കറ്റില്‍ താരം സറേയ്ക്കായി കളിച്ചുവരികയായിരുന്നു. സറേ ടീമിനും സ്റ്റാഫിനും താരങ്ങള്‍ക്കും അംല നന്ദിയറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.