ആദ്യ ദേശീയ പണിമുടക്കിന് ഇന്നേക്ക് 41 വര്‍ഷം

ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശ സമര പോരാട്ടത്തെ മുന്‍നിരയില്‍ നിന്ന് നയിക്കുന്ന സി ഐ ടി യു വിന്റെ ദേശീയ സമ്മേളനം ബംഗളുരുവില്‍ നടക്കുമ്പോഴാണ് ജനുവരി 19ന്റെ ജ്വലിക്കുന്ന ഓര്‍മ ഒരിക്കല്‍ കൂടി പുതുക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു പണിമുടക്കിന്റെ 41 ആം വാര്‍ഷികമാണിന്ന്. തൊഴിലാളി ഐക്യ സമര പോരാട്ടത്തിലെ നാഴികക്കല്ലായി മാറിയ പൊതു പണിമുടക്കില്‍ അണിനിരന്ന് രാജ്യത്താകമാനം 10 പേരാണ് രക്തസാക്ഷികളായത്.

തൊഴിലാളി വര്‍ഗ്ഗ പോരാട്ട ചരിത്രത്തില്‍ ചോരത്തുള്ളികളാല്‍ അടയാളപ്പെടുത്തിയിരിക്കുന്ന ദിനമാണ് ജനുവരി 19. തൊഴിലാളി വര്‍ഗ്ഗം നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രം. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായി നടന്ന പൊതുപണിമുടക്ക്. 1982 ജനുവരി 19.. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ അധികാരത്തില്‍ നിന്നു പുറത്തായ ശേഷം വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്ന കാലം. ഐഎംഎഫില്‍ നിന്ന് അവര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിച്ച് ഇന്ത്യ ഗവണ്‍മെന്റ് വായ്പയെടുത്തു. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ തുടക്കം തിരിച്ചറിഞ്ഞ് തൊഴിലാളികളും കര്‍ഷകരും സമരരംഗത്തിറങ്ങി.

1981 ജൂണ്‍ 4ന് ബോംബെയില്‍ ചേര്‍ന്ന ഐക്യ ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്റെ ആഹ്വാനമനുസരിച്ച് നടത്തിയ അഖിലേന്ത്യാ പൊതുപണിമുടക്ക് ഏഴുമാസക്കാലത്തെ നിരന്തരമായ ഇടപെടലിന് ശേഷമാണ് സാക്ഷാത്കരിച്ചത്. ഐഎന്‍ടിയുസി ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുത്തു. തൊഴിലാളികള്‍ നയിച്ച ആദ്യ പണിമുടക്കില്‍ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും പ്രശ്നങ്ങളും മുന്നോട്ട് വെച്ചു. ഇന്ധിരാ ഗാന്ധി ഗവണ്‍മെന്റും സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റുകളും അതിക്രൂരമായാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു പണിമുടക്കിനെ നേരിട്ടത്. പണിമുടക്കി സംഘടിക്കുന്നവര്‍ക്കു നേരെ വെടി വെക്കാന്‍ പോലും ഉത്തരവിട്ടു.. ഭരണകൂടത്തിനൊപ്പം കോണ്‍ഗ്രസുകാരും ചേര്‍ന്ന് സമരത്തെ നേരിട്ടപ്പോള്‍ രാജ്യത്താകെ 10 പേര്‍ രക്തസാക്ഷികളായി.. തൊഴിലാളി സമര ചരിത്രത്തിലെ നാഴികക്കല്ലാണ് ആദ്യത്തെ പൊതു പണിമുടക്കെന്ന് സി ഐ ടി യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.

ബംഗളൂരുവില്‍ നടക്കുന്ന സി ഐ ടി യു 17 ആം ദേശീയ സമ്മേളനം ഇന്ന് ആദ്യ പൊതു പണിമുടക്കിന്റെ സ്മരണ പുതുക്കും. നവ ലിബറലിസത്തിനും വര്‍ഗീയതക്കുമെതിരെ തൊഴിലാളി വര്‍ഗ ഐക്യം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ സിഐടിയു 17 ആം ദേശീയ സമ്മേളനത്തില്‍ നടക്കുമ്പോള്‍ നാല് പതിറ്റാണ്ടു മുമ്പത്തെ ചരിത്ര പോരാട്ടത്തിന്റെ ഓര്‍മകള്‍ പുതിയ കാല പോരാട്ടങ്ങള്‍ക്ക് ഊര്‍ജമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here