കേന്ദ്രം നല്‍കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചുനില്‍ക്കുന്നതെന്ന് പറയുന്നത് കള്ളപ്രചരണം; മുഖ്യമന്ത്രി

കേന്ദ്രം നല്‍കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചുനില്‍ക്കുന്നതെന്ന് പറയുന്നത് കള്ളപ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിയമം ആറാം വര്‍ഷത്തിലേക്ക് കടന്നിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതും കേരളം ജിഎസ്ടി കൗണ്‍സിലില്‍ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണ്ടില്ലെന്ന് നടിച്ചാണ് കേന്ദ്രം ജിഎസ് ടി കൗണ്‍സിലില്‍ നിലപാടെടുക്കുന്നത്. അവിടെ കേന്ദ്രസര്‍ക്കാരിനാണ് ഭൂരിപക്ഷം. അവരാഗ്രഹിക്കുന്ന തീരുമാനം അവര്‍ക്ക് എടുക്കാന്‍ കഴിയുന്നു. സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം കേള്‍ക്കുന്ന തരത്തില്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. 134097 കോടി രൂപയാണ് കേരളത്തിന്റെ റവന്യൂ വരുമാനം. ഇതില്‍ 85867 കോടി രൂപയും സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമാണ്. അതായത് 64 ശതമാനം വരുമാനവും നികുതി പിരിച്ച് കേരളം കണ്ടെത്തുന്നതാണ്. ദേശീയ ശരാശരി 55 ശതമാനമാണ്. ദേശീയ ശരാശരിയിലും മുകളിലാണ് കേരളത്തിന്റെ തനത് വരുമാനം. ഇത് സംസ്ഥാന ജിഡിപിയുടെ ഏഴ് ശതമാനമാണ്. ദേശീയ ശരാശരി 6.7 ശതമാനമാണ്. കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമല്ല. നികുതി പിരിവില്‍ മുന്നിട്ട് നല്‍കുന്ന കേരളത്തെ കൂടുതല്‍ മുന്നോട്ട് നയിക്കുന്നതാണ് ജിഎസ്ടി വകുപ്പിന്റെ പുനസംഘടന.

കടത്തെക്കുറിച്ച് പറയുന്നവർ വരുമാന വർദ്ധനവിനെ കുറിച്ച് കൂടി പറയണം… വരുമാനം കടം വർദ്ധിക്കുന്നതിനേക്കാൾ വേഗത്തിലാണ് നമ്മുടെ വരുമാനം വർദ്ധിക്കുന്നത്. കാര്യക്ഷമമായ നികുതി പിരിവിലൂടെ ഇത്തരം കുപ്രചരണങ്ങളുടെ മുനയൊടിക്കാൻ സാധിക്കണമെന്നും കേരളത്തിന്റെ ഉൾപ്പടെ സമ്മതത്തോടെയാണ് വില വർദ്ധന നടപ്പാക്കിയത് എന്ന് വരുത്തി തീർക്കാനാണ് കേന്ദ്രം ശ്രമിച്ചതതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാരിനാണ് ഭൂരിപക്ഷം അതിനാൽ തന്നെ അവർ ആഗ്രഹിക്കുന്നത് നടപ്പാക്കുകയും ചെയ്യും. അതിനാലാണ് ജിഎസ്ടി കൗൺസിൽ പുനസംഘടിപ്പിക്കണം എന്ന് കേരളം ആവശ്യപ്പെടുന്നത്.കേന്ദ്ര വിഹിതവും ഗ്രാൻഡും കുറയുന്നതാണ് നമ്മുടെ അവസ്ഥ അപ്പോഴും മറ്റു സ്രോതസ്സുകളിലൂടെ സംസ്ഥാനം വരുമാനം കണ്ടെത്താനാണ് ശ്രമിക്കുന്നത് എന്നാൽ അതും തടയുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.വര്ഷങ്ങളായി കേന്ദ്ര വിഹിതത്തിൽ നിന്ന് കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News