പൊലീസ് ഇടപെട്ടു; ഒടുവില്‍ അമ്മയെ അവസാന നോക്കുകാണാന്‍ ആശയുടെ മക്കളെത്തി

തൃശൂര്‍ പാവറട്ടിയില്‍ ആത്മഹത്യ ചെയ്ത ആശയെ കാണാന്‍ ഒടുവില്‍ മക്കളെത്തി. പൊലീസ് സാന്നിധ്യത്തിലാണ് അമ്മയെ കാണാനായി മക്കള്‍ എത്തിയത്. പത്തും നാലും വയസ്സുള്ള കുട്ടികളെ അമ്മയുടെ മൃതദേഹം കാണിക്കില്ലെന്ന നിലപാടിലായിരുന്നു ഭര്‍തൃവീട്ടുകാര്‍. കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ വഴങ്ങുന്നില്ലെന്ന് ആരോപിച്ച് ആശയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ മക്കളെത്തിയത്.

ആശയുടെ സംസാര ചടങ്ങുകള്‍ കഴിഞ്ഞാല്‍ മക്കള്‍ തിരികെ അച്ഛന്റെ വീട്ടിലേക്ക് മടങ്ങും. മക്കളെത്തിയത് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആശയുടെ വീട്ടുകാര്‍ പറഞ്ഞു. മകള്‍ മരിച്ചത് വീട്ടുകാരുടെ പീഡനം മൂലമെന്നാണ് ആശയുടെ വീട്ടുകാരുടെ ആരോപണം.

ജനുവരി 12നാണ് നാട്ടികയിലെ ഭര്‍തൃവീട്ടില്‍ കുന്നിക്കുരു കഴിച്ച് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം ദയ ഹോസ്പിറ്റലിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് ആശയുടെ മരണം സ്ഥിരീകരിക്കുന്നത്.

മകളുടെ മൃതദേഹം സ്വന്തം വീടായ പാവറട്ടിയില്‍ കൊണ്ടുവന്നതിനു ശേഷം ഭര്‍തൃവീട്ടില്‍ എത്തിക്കാം എന്ന ആവശ്യം ആശയുടെ വീട്ടുകാര്‍ സൂചിപ്പിച്ചിരുന്നു. ഇതാണ് ആശയുടെ ഭര്‍തൃവീട്ടുകാരെ പ്രകോപിപ്പിച്ചത്. കുന്നിക്കുരു കഴിച്ച് മകള്‍ ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം മൂലമാണെന്നാണ് ആശയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.

ഭര്‍ത്താവായ സന്തോഷുമായി യാതൊരു പരിഭവവും പിണക്കവും ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോഴും സന്തോഷിന്റെ വീട്ടുകാര്‍ ആശയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ആശയുടെ വീട്ടുകാര്‍ വ്യക്തമാക്കുന്നു. ആശയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആശയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ആശയുടെ സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിക്കാണ് നിശ്ചയിച്ചിരുന്നത്. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ആശയുടെ പത്തും നാലും വയസുള്ള ആണ്‍കുട്ടികളെ വിട്ടുനല്‍കണണെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മക്കളെ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആശയുടെ ഭര്‍ത്താവ് സന്തോഷിന്റെ വീട്ടുകാര്‍.

കുട്ടികള്‍ എത്താതായതോടെ ആശയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വൈകുന്നത് വാര്‍ത്തയായിരുന്നു. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഇടപെട്ടു. തുടര്‍ന്നാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ മക്കളെത്തിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News