ധോണിയെ വിറപ്പിച്ച് പി.ടി സെവന്‍

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടിസ്വപ്നമാണ് പി.ടി സെവന്‍ എന്ന കൊലകൊമ്പന്‍. ഒരു നാടിനെയാകെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പി.ടി സെവന്‍ എന്ന കാട്ടാന നാട്ടുകാര്‍ക്ക് പേടി സ്വപ്നമായത് ഇങ്ങനെയാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ശിവരാമന്‍. എന്നാല്‍ പിന്നീട് ശിവരാമനെ കാണുന്നത് ചെളിയില്‍ പുതഞ്ഞ് ആനയുടെ ചവിട്ടുകൊണ്ട് മരിച്ച നിലയിലാണ്. കഴിഞ്ഞ നാലു വര്‍ഷമായി പാലക്കാട്ടെ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കൊമ്പനാണ് പി.ടി സെവന്‍. എന്നാല്‍ ശിവരാമന്റെ മരണത്തോടെയാണ് പി.ടി സെവന്‍ അപകരടകാരിയായ ഒരു കൊലകൊല്ലിയാണെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നത്. അന്നുമുതല്‍ പി.ടി സെവന്‍ എന്ന കൊമ്പന്‍ ധോണി നിവാസികളുടെ ഉറക്കംകെടുത്തി വരികയാണ്. നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു, ഒട്ടനവധി കൃഷികള്‍ ചവിട്ടിമെതിച്ചു, വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി, പി.ടി സെവന്‍ നാട്ടിലിറങ്ങിയുണ്ടാക്കിയ തലവേദന ചില്ലറയല്ല.

2022 നവംബര്‍ മുതലാണ് ഈ കാട്ടുകൊമ്പന്‍ തുടര്‍ച്ചയായി ജനവാസമേഖലയിലേക്ക് ഇറങ്ങാനും ജനങ്ങളെ പരിഭ്രാന്തരാക്കാനും തുടങ്ങിയത്. ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ പി.ടി സെവന്‍ എത്താറുണ്ട്. വിത്തിട്ട പാടം കതിരണിഞ്ഞു തുടങ്ങിയാല്‍ ഇടയ്ക്കിടെ പി.ടി സെവന്‍ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്രയും അപകടകാരിയാകുന്നത് ഈ അടുത്തകാലത്താണ്. ഒരുപക്ഷേ അവിടുത്തെ ജനങ്ങളെപ്പോലെ തന്നെ പി.ടി സെവനും അവിടുത്തെ ഇടവഴികളും തൊടിയും പറമ്പുമെല്ലാം പരിചിതമായിട്ടുണ്ടാവാം.

ഇതിനിടയില്‍ പല തരത്തില്‍ പി.ടി സെവനെ പിടികൂടാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമാവുകയായിരുന്നു. കാടിറങ്ങി നാട്ടുകാരെ വിറപ്പിക്കുന്ന കൊലകൊമ്പനെ പിടിച്ചുകെട്ടാന്‍ ദൗത്യ സംഘം എത്തുമ്പോഴേക്കും ഉള്‍ക്കാടുകളിലേക്ക് രക്ഷപെടുകയാണ് പി.ടി സെവന്റെ പതിവ്. ബഹളം ഒതുങ്ങുമ്പോള്‍ വീണ്ടും ഇരുട്ടിന്റെ മറവില്‍ കാടിറങ്ങുകയും ചെയ്യും. അതിനാല്‍ തന്നെ കൗശലക്കാരനായ പി.ടി സെവനെ മയക്കുവെടി വെച്ച് പിടിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്.

പി.ടിസെവനെ പിടികൂടാന്‍ വയനാട്ടില്‍ നിന്നും എത്തിയ 26 അംഗ പ്രത്യേക ദൗത്യസംഘത്തിലാണ് ഇപ്പോള്‍ നാട്ടുകാരുടെ പ്രതീക്ഷ. കാട്ടാനകളെ മയക്കുവെടിവച്ച് തളയ്ക്കുന്നതില്‍ വിദഗ്ധനായ ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ നേതൃത്വം നല്‍കുന്ന സംഘം പി.ടി സെവന്റെ പിന്നാലെയാണ്.

സൗകര്യപ്രദമായ സാഹചര്യം ഒത്തുവന്നാല്‍ പി.ടി സെവനെ തളക്കാനുള്ള എല്ലാ മുന്നൊരുക്കവും ദൗത്യസംഘം നടത്തിക്കഴിഞ്ഞു. ഇനി കാത്തിരിപ്പ് വരുതിയിലായ കാട്ടുകൊമ്പന്‍ എപ്പോള്‍ കാടിറങ്ങുമെന്നതിനാലണ്. വിക്രം, ഭരത്, സുരേന്ദ്രന്‍ എന്നീ കുംകിയാനകളും ദൗത്യത്തിന്റെ ഭാഗമാണ്. മയക്കുവെടിയേറ്റ കാട്ടുകൊമ്പനെ നിയന്ത്രിച്ച് കൂട്ടിലേക്ക് എത്തിക്കുക ഈ കുംകിയാനകളാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here