ഇലന്തൂര്‍ നരബലി കേസ്; രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

ഇലന്തൂര്‍ നരബലി കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസ്ലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരാണ് കേസിലെ പ്രതികള്‍.

ആലുവ റൂറല്‍ എസ് പി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ് പി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം,മൂവായിരം പേജുള്ള കുറ്റപത്രമാണ് പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഐശ്വര്യ പൂജയ്‌ക്കെന്ന വ്യാജേന നിരാലംബരായ സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള ഭഗവല്‍സിങിന്റെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും, ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും, ബാക്കി ഭാഗങ്ങള്‍ പറമ്പില്‍ കുഴിച്ചിടുകയുമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് പുറമെ കൂട്ട ബലാല്‍സംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോവല്‍, കുറ്റകരമായ ഗൂഢാലോചന, മനുഷ്യകടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തിയിട്ടുണ്ട്. പ്രതികള്‍ പണയം വെച്ച റോസിലിയുടെ സ്വര്‍ണ മോതിരവും കൊലപാകത്തിനു ശേഷം കനാലില്‍ എറിഞ്ഞ റോസ് ലിയുടെ മൊബൈല്‍ ഫോണും പോലീസ് വീണ്ടെടുത്തിരുന്നു.

200 ലധികം സാക്ഷിമൊഴികളും, 60 ഓളം മഹസറുകളും, 130 ലധികം രേഖകളും, കൊലപാതകത്തിനുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50 ഓളം തൊണ്ടി മുതലുകളും കുറ്റപത്രത്തിന്റെ ഭാഗമാണ്. മൃതദേഹഭാഗങ്ങള്‍ പോലീസ് വീണ്ടെടുക്കുകയും ഡി.എന്‍.എ പരിശോധനയിലൂടെ മരിച്ചവരെ തിരിച്ചറിയുകയും ചെയ്തിരുന്നു.
പ്രതികള്‍ അറസ്റ്റിലായി എണ്‍പത്തിഒന്‍പതാമത്തെ ദിവസമാണ് റൂറല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പത്മ എന്ന സ്ത്രീയെ കടവന്തറ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഈ മാസം 6 ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അതേ സമയം പെരുമ്പാവൂര്‍ ജിഷ വധക്കേസിലും, കൂടത്തായി കേസിലും സ്‌പെഷ്യല്‍പ്രൊസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ്. എന്‍.കെ.ഉണ്ണികൃഷ്ണനെ നരബലിക്കേസിലും സ്‌പെഷ്യല്‍ പബ്‌ളിക് പ്രൊസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here