കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരഭക സംഗമത്തിന് ‘സംരഭക വര്‍ഷം’ പദ്ധതിയിലൂടെ തുടക്കം കുറിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിച്ചവരുടെ സംഗമമാണ് നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം 8 മാസത്തിനുള്ളില്‍ മറി കടന്ന ഈ പദ്ധതി വഴി ഇതുവരെ 1,24,254 സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 7,533 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും 2,67,828 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്‌തെന്ന് പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കേരള ചരിത്രത്തിലെ ഏറ്റവും ബൃഹത്ത് സംരഭക സംഗമത്തിന് ഇന്ന് തുടക്കം കുറിച്ചു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിച്ചവരുടെ സംഗമമാണ് നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം 8 മാസത്തിനുള്ളിൽ മറി കടന്ന ഈ പദ്ധതി വഴി ഇതുവരെ 1,24,254 സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 7,533 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും 2,67,828 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ വ്യാവസായിക – വാണിജ്യ മേഖലകളിൽ ഉണ്ടായിട്ടുള്ളത്. കേരളം വ്യവസായത്തിനും വാണിജ്യത്തിനും അനുയോജ്യമല്ലെന്ന കുപ്രചരണങ്ങൾക്ക് ഈ പദ്ധതി അന്ത്യം കുറിച്ചിരിക്കുന്നു.
വ്യാവസായിക പുനഃസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം കെട്ടിപ്പടുക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവയുടെ ഫലമായി നമ്മുടെ സംസ്ഥാനത്തിന്റെ ജി.ഡി.പി തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12.01 ശതമാനം ഉയര്‍ന്നു. കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യാവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവുമാണ് ഇക്കാലയളവിൽ വളര്‍ന്നത്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായിരിക്കുന്നു.
ഈ നേട്ടങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പുവരുത്തി നമുക്കു മുന്നോട്ടു പോകാനാകണം. നാടിന്റെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച ഉറപ്പിക്കണം. അതിന് കരുത്തുപകരാന്‍ സംരംഭക സംഗമത്തിനു സാധിക്കും. കൂടുതൽ ഇച്ഛാശക്തിയോടെ നാടിന്റെ വികസനവും സാമൂഹ്യ പുരോഗതിയും കൈവരിക്കാനായി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News