ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ബിജെപി നേതാവ്

മദ്രാസ് ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തവരില്‍ ബി ജെ പി നേതാവും. ബി.ജെ.പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരിയാണ് കൊളീജിയത്തിന്റെ ശുപാര്‍ശപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ‘മതപരിവര്‍ത്തനം രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കുന്നു’ എന്ന ലേഖനം വിക്ടോറിയ ഗൗരിയുടേതായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ നരേന്ദ്ര മോദിയുടെ പ്രചാരക കൂടിയാണ് വിക്ടോറിയ ഗൗരി. സാധാരണ നിലയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ ജഡ്ജി നിയമനത്തിന് പരിഗണിക്കാറില്ല. ഈ കീഴ്വഴക്കങ്ങളെല്ലാം മറികടന്നാണ് കൊളീജിയം ഗൗരി വിക്ടോറിയയെ ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തതെന്നാണ് വിമര്‍ശനം. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ നിയമനം ശരിവച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങുക എന്നതാണ് അടുത്ത നടപടിക്രമം.

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചവര്‍ എന്ന് ചൂണ്ടിക്കാണിച്ച് കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ കഴിഞ്ഞ ആഴ്ച കേന്ദ്രം തിരിച്ചയച്ചിരുന്നു. ആ പേരുകള്‍ വീണ്ടും കേന്ദ്രത്തിന് അയക്കാന്‍ തീരുമാനിച്ച അതേ യോഗത്തിലാണ് ബി.ജെ.പി നേതാവിനെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുന്ന കൊളീജിയത്തിന്റെ ഘടന സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതി കൊളീജിയവും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുമ്പോഴാണ് ഈ ശുപാര്‍ശ എന്നതാണ് ശ്രദ്ധേയം. കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു.

ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്ന വി.ആര്‍ കൃഷ്ണയ്യര്‍ പിന്നീട് സുപ്രീംകോടതി ജഡ്ജിയായിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് പിന്മാറി മുഴുവന്‍ സമയ അഭിഭാഷകനായി മാറിയതിന് ശേഷമാണ് കൃഷ്ണയ്യര്‍ ആദ്യം ഹൈക്കോടതി ജഡ്ജിയായും പിന്നീട് സുപ്രീം കോടതി ജഡ്ജിയായും നിയോഗിക്കപ്പെടുന്നത്. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം സാമൂഹ്യപരിഷ്‌കരണത്തിനും രാഷ്ട്ര നിര്‍മ്മാണത്തിനും വേണ്ടി പ്രവര്‍ത്തിച്ച കൃഷ്ണയ്യര്‍ സ്വതന്ത്രനായാണ് 1957ല്‍ കേരള നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതും മന്ത്രിയായതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News