സംസ്ഥാനത്ത് പട്ടയമിഷന്‍ ആരംഭിക്കും

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പട്ടയമിഷന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജന്‍. ഭൂപതിവ് നിയമത്തിലെ ഓരോ ചട്ടങ്ങളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കാന്‍ കഴിയുന്ന പട്ടയമിഷനാണ് ആരംഭിക്കുക.

മലയോര ആദിവാസി മേഖലകളിലെ ജനങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനായി പ്രത്യേക ഏകീകൃത പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് അംഗീകാരമായെന്നും മന്ത്രി അറിയിച്ചു. കൊച്ചിയില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ യോഗ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മന്ത്രി.

ഭൂമി വിതരണത്തിന്റെ വേഗത വര്‍ധിപ്പിച്ച് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാനത്ത് പട്ടയമിഷന്‍ ആരംഭിക്കുകയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഭൂപതിവ് നിയമത്തിലെ ഓരോ ചട്ടങ്ങളുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി നിയമവശങ്ങള്‍ പരിശോധിച്ച് പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കാന്‍ കഴിയുന്ന പട്ടയമിഷനാണ് ആരംഭിക്കുക.

മറ്റു വകുപ്പുകളുടെ ഭൂമിയില്‍ ദീര്‍ഘകാലമായി കുടിയേറി താമസിക്കുന്നവര്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഇതിനായി വൈദ്യുതി, ജലസേചനം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, വനം വകുപ്പുകളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

ഒരു വര്‍ഷത്തിനകം റവന്യൂ വകുപ്പിനെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കും.
നാലു വര്‍ഷത്തിനുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി അവലോകനം, പ്ലാന്‍ ഫണ്ട് ചെലവ് വിവരം, തുടങ്ങി 32 ഇന വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങളും യോഗത്തില്‍ വിലയിരുത്തിയെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here