ദിവസവത്തില്‍ ഒരു തവണയെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാകും നമുക്കിടയില്‍ ഭൂരിഭാഗവും. സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ സ്വാധീനിച്ച ഒന്നാണ് വാട്‌സാപ്പ്. ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ കഴിയുന്നതും വീഡിയോകോളുകളും അതിന്റെ പ്രധാന സവിശേഷതയാണ്. എന്നാല്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ ക്വാളിറ്റി നഷ്ടപ്പെടുന്നത് വാട്‌സാപ്പില്‍ വലിയൊരു ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിക്ക് വിരാമമിട്ടുകൊണ്ടാണ് ക്വാളിറ്റി നഷ്ടപ്പെടാതെ ചിത്രങ്ങള്‍ അയക്കാമെന്നുള്ള വാട്‌സാപ്പിന്റെ അറിയിപ്പ് പുറത്ത് വരുന്നത്.
ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ വാട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ കൈമാറാന്‍ ഡോക്യുമെന്റ് രൂപത്തിലൂടെ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ സംവിധാനം പഴയതു പോലെ ഡോക്യുമെന്റ് രൂപത്തിലാക്കി അയക്കുന്ന രീതിയിലല്ല. ഇമേജ് രൂപത്തില്‍ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാന്‍ പറ്റുന്ന സംവിധാനമാണ് ഉടന്‍ എത്തുന്നത് . ഇത് വരുന്നതോടെ കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കിടാന്‍ സാധിക്കും.
ചിത്രങ്ങള്‍ അയക്കാന്‍ സെലക്ട് ചെയ്യുമ്പോള്‍, ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ ഒരു പുതിയ ക്രമീകരണ ഐക്കണ്‍ വരുന്നുണ്ട്. ഫോട്ടോസ് അയയ്ക്കുന്നതിന് മുമ്പ് ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനലിലേക്കു മാറ്റാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്. അതേസമയം ഈ പുതിയ ഓപ്ഷന്‍ വീഡിയോകള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വാട്‌സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ക്വാളിറ്റി കുറയുന്നത് ഏവരെയും നിരാശപ്പെടുന്ന കാര്യം തന്നെയാണ്. എന്നാല്‍ , സെര്‍വര്‍ ലോഡ് കുറയ്ക്കാനും ഫോണ്‍ മെമ്മറി ലാഭിക്കാനും വേണ്ടിയാണ് ഇത്രയും കാലം വാട്‌സ്ആപ് തന്നെ ഫോട്ടോകളും വീഡിയോകളും കമ്പ്രസ് ചെയ്ത് അയച്ചിരുന്നത്. ഇതിലൂടെ ചിത്രങ്ങളുടെ റെസലൂഷനും വലിപ്പവും കുറയുകയും അവയുടെ ഡിസൈനെപോലും ബാധിക്കുകയും അച്ചടി ഉപയോഗക്ഷമതയെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ഫീച്ചര്‍ വരുന്നതോടുകൂടി ഡാറ്റ ഉപയോഗം വര്‍ധിക്കും. ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സെല്ലുലാര്‍ ഡാറ്റയ്ക്കു പകരം വൈഫൈ ഉപയോഗിക്കുന്ന ക്രമീകരണം ഉപയോഗിക്കുന്നതാവും നല്ലത്. ഫോണിലുള്ള ഒറിജിനല്‍ ചിത്രം തന്നെ അയക്കുമ്പോള്‍ റെസല്യൂഷന്‍ നഷ്ടമാകാതെ അതേ വലിപ്പത്തില്‍ തന്നെ ലഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.