ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണം; മേല്‍നോട്ട സമിതി രൂപീകരിച്ചു

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായി ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ തീരുമാനിച്ചതായും ഇതിനായി ഒരു മേല്‍നോട്ടസമിതി രൂപവത്കരിച്ചുവെന്നും കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. സമിതി നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തരയോഗത്തിലാണ് വിഷയം അന്വേഷിക്കാന്‍ ഏഴംഗസമിതി രൂപവത്കരിച്ചത്. മേരി കോം, ദോള ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹ്ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമുള്‍പ്പെടുന്നതാണ് സമിതി.

ലൈംഗികാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും പുതിയ സമിതി അന്വേഷിക്കും. ഒരു മാസം സമിതി പരാതികള്‍ അന്വേഷിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഗുസ്തിതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നടപടി ആരംഭിച്ചിരുന്നു.

അതേസമയം തനിക്കെതിരേ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗുസ്തി താരങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലൈംഗികാരോപണം കെട്ടിച്ചതച്ചതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരടക്കമുള്ള മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ എഫ്ഐആര്‍ ഇടണമെന്നാവശ്യപ്പെട്ടാണ് ദില്ലി ഹൈക്കോടതിയില്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്ന ബ്രിജ് ഭൂഷണ്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും താരങ്ങള്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. അതേസമയം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ കായിക മന്ത്രാലയത്തിന് വിശദീകരണം നല്‍കി ദേശീയ ഗുസ്തി ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നും പ്രതിഷേധം വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു ഗുസ്തി ഫെഡറേഷന്റെ ന്യായീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News