നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ജഡ്ജിങ് പാനല്‍ പ്രഖ്യാപിച്ചു. പ്രശസ്ത സിനിമ സംവിധായകനും കേരളചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്താണ് ജൂറി ചെയര്‍മാന്‍. സാഹിത്യകാരിയും കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
വടക്കേ അമേരിക്കയിലെ പ്രതിഭാധനരായ മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് കൈരളി ടി വി യുഎസ്എ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്. മെഗാ ഷോ പരിപാടിയായി മാറുന്ന ഈ സംരംഭം മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ സമാനസ്വഭാവത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ആദ്യ പരിപാടിയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്ജിത്ത് തന്നെ ഷോര്‍ട്ട് ഫിലിം മത്സരങ്ങളുടെ ജൂറി ചെയര്‍മാനായി വരുന്നത് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അവേശകരമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ നിശാന്ത് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ദീപാ നിശാന്ത്. കൈരളി ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കവിയുമായ എന്‍.പി.ചന്ദ്രശേഖരനും അമേരിക്കന്‍ മലയാളികള്‍ക്ക് സുചരിചിതനാണ്.
2020 ജനുവരി മുതല്‍ റിലീസ് ചെയ്തതോ ഇനി ചെയ്യാന്‍ പോകുന്നതോ ആയ 5 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക. ഇവ പൂര്‍ണ്ണമായോ ഭാഗികമോയോ നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ചവയായിരിക്കണം. പ്രധാനമായും മലയാളത്തില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. 2023 ജനുവരി ആദ്യ വാരം മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ KAIRALITVUSASHORTFILMFESTIVAL@GMAIL.COM, KAIRALITVNY @ GMAIL .COM ഈ മെയില്‍ ഐഡിയിലേക്കോ ജോസ് കാടാപുറം- 9149549586 ഈ നമ്പറിലേക്കോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.