2016ലെ ഉറി ഭീകരാക്രമണത്തിനെ തുടർന്നുണ്ടായ സർജിക്കൽ സ്ട്രൈക്കുകളെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്കുകൾ നടത്തി എന്നതിന് തെളിവില്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെ കോൺഗ്രസ് ദിഗ് വിജയ് സിംഗിനെ തള്ളി രംഗത്തെത്തി.
സിംഗ് നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, പാർട്ടി ഇതിനെ അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. 2014ന് മുൻപ് യുപിഎ സർക്കാരും സർജ്ജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയിട്ടുണ്ട്. ദേശീയ താൽപര്യമുള്ള എല്ലാ സൈനിക നീക്കങ്ങളെയും കോൺഗ്രസ് എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
സർജ്ജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്നത് പൊള്ളയായ അവകാശവാദമാണ്. അതിന് ഒരു തെളിവും കാണിച്ചിട്ടില്ല. ബിജെപി നുണകൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. പരാമർശത്തിനെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി രംഗത്ത് എത്തിയതോടെ കോൺഗ്രസ് മുതിർന്ന നേതാവിൻ്റെ പരാമർശത്തെ തള്ളി പറയുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അന്ധമായ വിരോധം കാരണം ദിഗ് വിജയ് സിംഗ് അന്ധനായി പോയെന്നാണ് ബിജെപിയുടെ പ്രധാന വിമർശനം. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുന്നത് കോൺഗ്രസിന്റെ പതിവാണെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.