പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിലെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടന്ന ജപ്തി നടപടികളെ വിമര്‍ശിച്ച് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി. ജപ്തി നടപടി നീതിയല്ലെന്ന വിമര്‍ശനമാണ് കെ.എം.ഷാജി ഉന്നയിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ നടന്ന നടപടിയില്‍ മുസ്ലിംലീഗുകാരും ഉള്‍പ്പെട്ടിരുന്നു എന്ന പരാതിയുമായി നേരത്തെ മുസ്ലിംലീഗ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയെ തന്നെ വിമര്‍ശിച്ചാണ് കെ.എം.ഷാജി രംഗത്ത് വന്നിരിക്കുന്നത്. തീവ്രവാദത്തിന്റെ കനലില്‍ വീണ്ടും എണ്ണയൊഴിക്കുന്ന നടപടിയാണ് ജപ്തിയെന്നാണ് ഷാജിയുടെ വിമര്‍ശനം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ കയറി നിരപരാധിയായ അമ്മയും ഭാര്യയും മക്കളും നോക്കിനില്‍ക്കെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നോട്ടീസ് ഒട്ടിക്കുന്നത് സാര്‍വത്രിക നീതിയാണോ എന്ന ചോദ്യവും ഷാജി ഉയര്‍ത്തുന്നുണ്ട്. മലപ്പുറത്ത് പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു മുസ്ലിംലീഗ് നേതാക്കളുടെ നിലപാടില്‍ നിന്നും വിഭിന്നമായ ഒരു നിലപാട് കെ.എം. ഷാജി ഉയര്‍ത്തിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹര്‍ത്താല്‍ അക്രമത്തില്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വൈകാരിക സാമുദായിക വിഷയമാക്കി മാറ്റാണ് കെ.എം.ഷാജി ശ്രമിക്കുന്നതെന്ന് വിലയിരുത്തലുകളുണ്ട്. അതിനായി കെ.എം.ഷാജി നടത്തിയ പ്രസ്താവന പക്ഷെ പരോക്ഷമായി പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നതാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഇതിനിടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ നഷ്ട പരിഹാരമായി വിവിധ ജില്ലകളില്‍ 5.20 കോടി രൂപ മൂല്യമുള്ള ജപ്തി നപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 209 പേരുടെ 248 സ്വത്തുക്കള്‍ ജപ്തി ചെയ്തതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോതിയില്‍ സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലാണ് ജപ്തി നടപടികള്‍ നടന്നതെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി സരിത നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.