തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കൊണ്ടുള്ള കുറ്റപത്രമാണ് പ്രതി ഗ്രീഷ്മക്കെതിരെ പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പത്ത് മാസം നീണ്ട തയ്യാറെടുപ്പിനും ആസൂത്രണത്തിനും ശേഷമാണ് കൊലപാതകമെന്നാണ് തിരുവനന്തപുരം റൂറല്‍ പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഷാരോണ്‍ കൊല്ലപ്പെട്ട് 93 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിക്കുന്നത്. സമാനമായ രീതിയില്‍ നേരത്തെയും ഗ്രീഷ്മ ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചതായും ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റംപത്രം പറയുന്നു. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഷായത്തിലും ജ്യൂസിലും വിഷം കലര്‍ത്തുന്ന രീതികള്‍ ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിന്റെ ശാസ്ത്രീയ തെളിവുകള്‍ ഗ്രീഷ്മക്കെതിരെ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷാരോണും ഗ്രീഷ്മയും ഒന്നര വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു.
ഗ്രീഷ്മയുടെ അമ്മാവനും അമ്മയുമാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 2022 ഒക്ടോബര്‍ 14ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.