പൊതുവിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരായ വാർത്തകൾ നൽകാനും ചർച്ചകൾ നടത്താനും മലയാള ദൃശ്യ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന ഭയം ചെറുതായി കാണരുതെന്ന് എ എ റഹീം എംപി. ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് ശേഷം പ്രമുഖ ന്യൂസ് ചാനല്‍ പരിപാടി ഉപേക്ഷിച്ച സാഹചര്യത്തിലായിരുന്നു എം പിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
ബിബിസി ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ മോദി സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും അതൊന്നും പ്രശ്നമില്ലെന്ന് കരുതി കണ്ണടയ്ക്കാന്‍ തോന്നുന്ന മാധ്യമ രീതിയെ ജനം തുറന്നെതിര്‍ക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും എ.എ. റഹീം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങിനെ
‘ഉച്ചയ്ക്ക് എ.കെ.ജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച നിര്‍ദേശം 24 ന്യൂസ് ചാനലില്‍ ഇന്ന് വൈകുന്നേരം ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കണം എന്നായിരുന്നു. തുടര്‍ന്ന് ചര്‍ച്ച കോര്‍ഡിനേറ്റ് ചെയ്യുന്ന ചാനലിലെ ഉത്തരവാദപ്പെട്ട ആള്‍ ഞാനുമായി ബന്ധപ്പെടുന്നു. എവിടെയാണ് വൈകുന്നേരം ക്യാമറാ സംഘത്തെ അയയ്ക്കേണ്ടത് എന്ന് ആരായുന്നു. ഞാന്‍ സ്ഥലം നിര്‍ദേശിച്ചു മറുപടി നല്‍കുന്നു.
വൈകുന്നേരത്തോടെ ആദ്യം നിശ്ചയിക്കുകയും അതിഥികളെ ഉറപ്പിക്കുകയും ചെയ്ത ചര്‍ച്ച 24 ചാനല്‍ ഉപേക്ഷിക്കുന്നു. ഇന്നത്തെ പ്രധാന വിഷയം ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ചതാണെന്ന് ആര്‍ക്കും സംശയമുണ്ടാകില്ല. എന്നിട്ടും നിശ്ചയിച്ചിരുന്ന ചര്‍ച്ച ചാനല്‍ മാറ്റിയെങ്കില്‍ അതിന്റെ കാരണം എന്താകും?
കൂടുതല്‍ വിശദീകരിക്കേണ്ടി വരില്ല,
നല്ല പേടിയാണ് കാരണം. അല്ലെങ്കില്‍ യുക്തിസഹമായ വിശദീകരണം ചാനല്‍ നല്‍കണം.
ഈ കുറിപ്പ് എഴുതുന്നതിന് മുന്‍പ് ഞാന്‍ 24 ചാനലിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ ചര്‍ച്ചകള്‍ സംബന്ധിച്ച് ഒരവലോകനം നടത്തി. സംഗതി രസകരമാണ്.
2022 ഒക്ടോബര്‍ മാസം പകുതി മുതല്‍ ജനുവരി 23 വരെ 24 ന്യൂസ് ചാനല്‍ ചര്‍ച്ചക്ക് എടുത്തത് 105 വിഷയങ്ങളാണ്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിപാദിക്കുന്നത്.
1. ചൈനയെ ആര്‍ക്കാണ് പേടി
2. രാജ്യം ഏക സിവില്‍ കോഡിലേക്കോ ?
3. മുന്നേറാന്‍ മോദി മതിയോ?
ഏക സിവില്‍കോഡ് ഒഴികെ മറ്റെല്ലാം സര്‍ക്കാരിനെ ഒട്ടും പ്രതിക്കൂട്ടില്‍ നിര്‍ത്താത്ത വിഷയങ്ങള്‍.
ഇക്കാലയളവില്‍ ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായി.
01.01.2023 പുതുവര്‍ഷത്തിലാണ് എല്‍.പി.ജി സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. 19കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയുടെ വര്‍ധനവാണുണ്ടായത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രശ്‌നം അവര്‍ ചര്‍ച്ചയ്ക്കെടുത്തില്ല.
വൈദ്യുത ബില്‍, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, രാജ്യത്തെ വ്യവസായ മുരടിപ്പ് അങ്ങനെ ജനകീയമായ നിരവധി പ്രശനങ്ങള്‍ കടന്നുപോയി. മുസ് ലിങ്ങളുടെ പൗരത്വം സംബന്ധിച്ച് ആര്‍.എസ്.എസ് തലവന്‍ നടത്തിയ വിവാദ പരാമര്‍ശം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും പൊള്ളുന്നതൊന്നും ഈ ചാനല്‍ ചര്‍ച്ച ചെയ്തതായി കാണുന്നില്ല.
ഞാന്‍ കൂടുതല്‍ എഴുതുന്നില്ല. ഇത് 24ന്റെ കാര്യത്തില്‍ മാത്രമുള്ള പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല,’ എ.എ. റഹീം പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. അതൊന്നും പ്രശ്നമില്ലെന്ന് കരുതി കണ്ണടയ്ക്കാന്‍ തോന്നുന്ന മാധ്യമ രീതിയെ ജനം തുറന്നെതിര്‍ക്കണം ഒറ്റപ്പെടുത്തണം.
കേരളത്തിന് കേന്ദ്രം നല്‍കേണ്ട കോടിക്കണക്കിന് രൂപ നല്‍കുന്നില്ല, കേന്ദ്ര പദ്ധതികള്‍ നമുക്ക് നല്‍കുന്നില്ല. റേഷന്‍ വിഹിതവും മണ്ണെണ്ണയും പോലും വെട്ടിക്കുറയ്ക്കുന്നു. അടമെടുക്കാനുള്ള പരിധി കുറച്ചു കേരളത്തെ ശ്വാസം മുട്ടിക്കുന്നു. ജി.എസ്.ടി കുടിശിക ഉള്‍പ്പെടെ കേരളത്തിന് കേരളം നല്‍കേണ്ട കോടിക്കണക്കിന് രൂപ കേരളം നല്കാതിരിക്കുന്നു.
കേരളത്തെ ബാധിക്കുന്ന ഈ പൊതുപ്രശ്‌നങ്ങളൊന്നും ഇവിടുത്തെ ചാനലുകളുടെ പ്രധാന വിഷയമാകുന്നതേ ഇല്ല. ഇതൊന്നും യാദൃശ്ചികമല്ല.
ബി.ജെ.പിയിടുളള വിധേയത്വമാണ്. ഭയം കൊണ്ടുള്ള വിധേയത്വമാണ്.
ഈ ചാനലുകളുടെ ഉടമകള്‍ക്കുള്ള
ഭയമാണ് ഈ കാണുന്നത്. കേന്ദ്ര ഏജന്‍സികളെകാട്ടി സംഘപരിവാര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുമ്പോള്‍ ഭയന്നുവിറച്ചു നിങ്ങള്‍ വിധേയത്വം പ്രകടിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു.
’24നെ സംബന്ധിച്ചു മാത്രം ഞാന്‍ വിശകലനം ചെയ്തത് കൊണ്ടാണ് അത് മാത്രം ഇവിടെ ചേര്‍ക്കുന്നത്. മറ്റ് മലയാള വാര്‍ത്താ ചാനലുകളെ കൂടി ഇത്തരത്തില്‍ ഒരു സ്‌ക്രൂട്ടണിയ്ക്ക് വിധേയമാക്കണം. ഇത് വായിക്കുന്ന, ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആരെങ്കിലുമൊക്കെ മറ്റ് ചാനലുകളുടെ പരിഗണനാ വിഷയങ്ങള്‍ കൂടി ഇത് പോലെ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,’ റഹീം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.