‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’: ഡിവൈഎഫ്ഐ പ്രദർശനം സംഘടിപ്പിച്ച പൂജപ്പുരയിൽ സംഘർഷം

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തുന്ന ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനെതിരെ ബിജെപി നടത്തിയ പൂജപ്പുരയില്‍ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിനെ തുടർന്ന് ബിജെ പിയുടെയും യുവമോര്‍ച്ച അനുകൂല സംഘടനകളുടെയും മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാർ തയാറായില്ല.

ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലാണ് പൂജപ്പുരയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ നഗരസഭാ അംഗവും ബിജെപി നേതാവുമായ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ബിജെപി മാര്‍ച്ച്.മാർച്ചിനെ റോഡില്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് നീങ്ങാനുള്ള ശ്രമം നടത്തിയതോടെയാണു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ബി ജെ പിക്കു വലിയ സ്വാധീനമുള്ള പൂജപ്പുരയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.

സംസ്ഥാന വ്യാപകമായി ഡി വൈഎഫ്, എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സംസ്ഥാന വ്യാപകമായി മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ ഭാഗമായി കോഴിക്കോട്ട് ഇന്നലെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

തിരുവനന്തപുരം മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിച്ചപ്പോഴും പ്രതിഷേധമുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തിയ ബി ജെ പി പ്രവര്‍ത്തകരെ സർവ്വകാലശാലക്ക് പുറത്ത് ഗേറ്റിനു സമീപം വെച്ച് പൊലീസ് തടഞ്ഞു. സര്‍വകലാശാലയ്ക്കു പുറത്ത് സ്ഥാപിച്ച എസ്എഫ്ഐ, കെഎസ് യു കൊടികളും ബാനറുകളും ബിജെപിക്കാർ നശിപ്പിച്ചു.

അതേ സമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി നിരോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here