ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: പ്രതിഷേധിച്ച ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ ദി മോദി ക്വസ്റ്റിൻ’ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെയാണ് കേസ്. തലസ്ഥാനത്തെ മാനവീയംവീഥിയിലെയും പൂജപ്പുരയിലെയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിക്കൽ, ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ കേസ് എടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മാനവീയംവീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐയുമാണ് ചൊവ്വാഴ്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

രണ്ട് സ്ഥലങ്ങളിലും പ്രതിഷേധിച്ച കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുരയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസിന് പത്തോളം തവണ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ സന്ധ്യയ്ക്ക് ശേഷം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

ഡോക്യുമെന്ററിയുടെ സാമൂഹ്യമാധ്യമ പ്രചാരണം കേന്ദ്രസർക്കാർ കഴിഞ്ഞാഴ്ച നിരോധിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യ പ്രദർശനം തിരുവനന്തപുരം ലോ കോളജിൽ രാവിലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു. പാലക്കാട് ജില്ലയിൽ 17 കേന്ദ്രങ്ങളിലും പത്തനംതിട്ടയിൽ 11 കേന്ദ്രങ്ങളിലും കാസർകോട് പത്തിടത്തും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here