ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തൽ

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലത്ത് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.സിഐഎയുടെ മുൻ മേധാവിയും ട്രംപിന്റെ കാലത്തെ വിശ്വസ്തനുമായിരുന്നു പോംപിയോയുടെ നെവർ ഗിവ് ആൻ ഇഞ്ച് എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.അമേരിക്കയുടെ സമയോചിത ഇടപെടലാണ് അന്ന് അനിഷ്ട സാഹചര്യങ്ങൾ ഒഴിവാക്കിയതെന്നും പോംപിയോ പറയുന്നു.ഇത്തരം കാര്യങ്ങൾ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന അജിത് ഡോവലുമായിട്ടാണ് താൻ കൂടുതൽ ചർച്ച ചെയ്തിരുന്നതെന്നും പോംപിയോ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. സമാനമായ ഭയാനക സാഹചര്യം ഒഴിവാക്കാൻ മറ്റൊരു രാജ്യവും ഒറ്റ രാത്രി കൊണ്ട് ഇത്തരം ഇടപെടൽ നടത്തിയിട്ടുണ്ടാകില്ലെന്നും പോംപിയോ അവകാശപ്പെടുന്നു..

2019 ൽ കാശ്മീരിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ആണവയുദ്ധത്തിന് രണ്ട് രാജ്യങ്ങളും തയ്യാറെടുക്കുന്നു എന്ന് ഇന്ത്യയും പാകിസ്താനും വിശ്വസിച്ചിരുന്നു.
പാകിസ്താൻ ആണവയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകളെ തുടർന്ന് ഇന്ത്യയും അവരുടെ ആണവ ശേഷി കൂട്ടാൻ ആരംഭിച്ചു. ഈ സമയത്ത് അമേരിക്ക ഇടപെട്ടാണ് ഇരുകൂട്ടരോടും അത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചത് എന്നും പുസ്തകത്തിൽ പറയുന്നു.

2019 ൽ തൻ്റെ വിയറ്റ്‌നാം സന്ദർശനത്തിനിടെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. ഹനോയിയിലെ ആ രാത്രി തനിക്ക് ഒരിക്കലും മറക്കാനാകില്ല. ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷങ്ങൾ വഷളാകുന്നത് മനസിലാക്കി താൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആയിരുന്ന സുഷമ സ്വരാജുമായി ഉടൻ ഫോണിൽ ബന്ധപ്പെട്ടു. പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നും അതിനെ ചെറുക്കേണ്ടതുണ്ടെന്നുമാണ് അവർ തന്നോട് പറഞ്ഞത്. ഒന്നും ചെയ്യരുതെന്നും കാര്യങ്ങൾ പരിശോധിക്കാൻ യുഎസിന് അൽപം സമയം തരൂ എന്നും അഭ്യർത്ഥിച്ചാണ് താൻ സുഷമ സ്വരാജിനെ ശാന്തയാക്കിയതെന്നു പോംപിയോ തൻ്റെ പുസ്തകത്തിൽ പറയുന്നു.

പരസ്പരം ആണവ ആയുധങ്ങൾ പ്രയോഗിക്കില്ലെന്ന് ഇരുകൂട്ടരെയും അമേരിക്ക ബോധ്യപ്പെടുത്തി. അങ്ങനെയാണ് ആ സാഹചര്യം ഒഴിവായത്. ഈ അന്തരീക്ഷം എത്രത്തോളം ഗുരുതരമായിരുന്നുവെന്ന് ഒരുപക്ഷെ ലോകത്തിന് അറിവുണ്ടാകില്ല.എന്നാൽ യാഥാർത്ഥ്യം അങ്ങനെ ആയിരുന്നുവെന്നും അത് തനിക്ക് അറിയാമായിരുന്നുവെന്നും പോപ്പിയോ വെളിപ്പെടുത്തി.

ഇന്ത്യ ആശങ്ക അറിയിച്ചതിനെ തുടർന്ന് അന്നത്തെ പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ് വയുമായി താൻ വിഷയം ചർച്ച ചെയ്തു. പാകിസ്താന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം നടക്കുന്നില്ല എന്നും ബാജ് വ തന്നെ ബോധ്യപ്പെടുത്തി. ഇക്കാര്യം താൻ ഇന്ത്യയെ ബോധ്യപ്പെടുത്തിയതോടെയാണ് ഒരു ആണവയുദ്ധം ഒഴിവായത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ഉൾപ്പെടുന്ന തന്റെ ടീം സംഘർഷം ഒഴിവാക്കാൻ ഏറെ പരിശ്രമിച്ചു. അവരുടെ കൂടി ഇടപെടലിൻ്റെ ഫലമായിട്ടാണ് ആണവയുദ്ധം വഴിമാറിയതെന്നും പുസ്തകത്തിൽ പോംപിയോ അവകാശപ്പെടുന്നു.

ചൈനയുടെ മേധാവിത്വം കുറയ്ക്കാനും അധിനിവേശം ചെറുക്കാനും ഇന്ത്യയുമായി അമേരിക്ക സഖ്യമുണ്ടാക്കാൻ തയ്യാറായിരുന്നുവെന്ന തന്റെ നിലപാടും പുസ്തകത്തിൽ പോംപിയോ വ്യക്തമാക്കുന്നു. അതിൽ ഒരു രഹസ്യവും ഉണ്ടായിരുന്നില്ലെന്നും പോംപിയോ തൻ്റെ പുസ്തകത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News