ഷാരോണ്‍ രാജ് കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-ാമത്തെ ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയെന്ന് വ്യകതമാക്കുന്ന തെളിവുകളടക്കം ഉള്‍പ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം. ഒക്ടോബര്‍ 25 നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഷാരോണ്‍ മരിക്കുന്നത്. പിന്നാലെ ബന്ധുക്കള്‍ക്കുണ്ടായ സംശയമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ പുറത്തെത്തുന്നതിന് കാരണമായത്.
പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്. പ്രണയബന്ധത്തിലായിരുന്ന ഗ്രീഷമയ്ക്കു മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ നടത്തിയ കൊലപാതകം. ഒക്ടോബര്‍ 14നു ഗ്രീഷ്മ സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. വീട്ടിലാരും ഇല്ലെന്നു പറഞ്ഞായിരുന്നു സ്വാധീനിച്ചത്. മുന്‍പ് ആസൂത്രണം ചെയ്ത പോലെ കാര്‍പ്പിക്ക് എന്ന കളനാശിനി കഷായത്തില്‍ കലര്‍ത്തി വെച്ചിരുന്നു. ഒരു ഗ്ലാസ് കര്‍പ്പിക് കലര്‍ത്തിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ നിന്ന് ഛര്‍ദ്ദിച്ചു കൊണ്ടാണ് ഷാരോണ്‍ പുറത്തേക്കു വന്നതെന്ന് പുറത്തു കാത്തു നിന്ന സുഹൃത്തിന്റെ മൊഴിയുണ്ട്. മരണശേഷവും കുറ്റകൃത്യം ഒളിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ ഗ്രീഷ്മ നടത്തി. അമ്മ സിന്ധുവിനോടും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനോടും കൃത്യത്തെ കുറിച്ച് പറഞ്ഞു. പിന്നാലെ ഇവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഗ്രീഷ്മ മുന്‍പ് അമിത അളവില്‍ പാരസെറ്റമോള്‍ ഗുളിക ജ്യൂസില്‍ കലര്‍ത്തി ഷാരോണിന് നല്‍കിയിരുന്നു. എന്നാല്‍ കയ്പ്പ് കാരണം ഷാരോണ്‍ കുടിച്ചില്ല. ഇതോടെയാണ് കുടിക്കുമ്പോള്‍ കയ്പ്പുള്ള കഷായം തിരഞ്ഞെടുത്തത്. കാര്‍പ്പിക് കലര്‍ത്തി നല്‍കിയാല്‍ ഏതൊക്കെ ആന്തരികാവയവങ്ങള്‍ നശിക്കുമെന്നും,മരണം എങ്ങനെ സംഭവിക്കുമെന്നും ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അഡ്വ.വി.എസ് വിനീത് കുമാറാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസ് ഉള്‍പ്പടെ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വധ ശിക്ഷ വാങ്ങി നല്‍കിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറിലാണ് വിവാദമായ ഷാരോണ്‍ കൊലപാതക കേസിലും പൊലീസിന്റെ പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.